വിവാഹമോചിതരോ, വിഭാര്യരോ ആയ സമ്പന്നരെ മാത്രം വിവാഹം കഴിക്കും. പിന്നീട് കള്ളക്കേസ് കൊടുത്ത് വിവാബന്ധം വേര്‍പെടുത്തും. ഇതിനിടെ പണവും തട്ടും. എന്തായാലും കള്ളി പൊളിഞ്ഞതോടെ തട്ടിപ്പുകാരി അകത്തായി. ഉത്തരാഖണ്ഡ് സ്വദേശിയായ സീമ എന്ന നിക്കിയാണ് പൊലീസിന്‍റെ പിടിയിലായത്. ഒന്നേ കാല്‍ കോടി രൂപയോളമാണ് സീമ 'സെറ്റില്‍മെന്‍റ്' തുകയായി കീശയിലാക്കിയതെന്ന് പൊലീസ് പറയുന്നു.
2013ലാണ് സീമ തട്ടിപ്പ് ആരംഭിച്ചത്. ആഗ്ര സ്വദേശിയായ ബിസിനസുകാരനെ വിവാഹം കഴിച്ച സീമ മാസങ്ങള്‍ കഴിഞ്ഞതോടെ ഭര്‍ത്താവിന്‍റെ കുടുംബത്തിനെതിരെ പീഡന പരാതി നല്‍കി. ഈ കേസ് ഒതുക്കി തീര്‍ക്കാനും ബന്ധം വേര്‍പെടുത്താനുമായി 75 ലക്ഷം രൂപയും വാങ്ങി. 2017ല്‍ ഗുരുഗ്രാം സ്വദേശിയായ സോഫ്റ്റ്വെയര് എഞ്ചീനീയറെ സീമ കല്യാണം കഴിച്ചു. അധികം വൈകാതെ ഈ ബന്ധവും അവസാനിപ്പിച്ച സീമ 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി വാങ്ങിയെടുത്തത്.
2023 ല്‍ ജയ്പുര്‍ സ്വദേശിയായ വ്യാപാരിയെ സീമ വിവാഹം കഴിച്ചു. നാല് മാസം കഴിഞ്ഞതോടെ ഇവരുടെ വീട്ടില്‍ നിന്നും 36 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി ഒളിച്ചോടി. ഭര്‍തൃവീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് സീമയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാര്യ മരിച്ചു പോയതിനെ തുടര്‍ന്ന് ദുഃഖത്തില്‍ കഴിഞ്ഞിരുന്ന വ്യാപാരി മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് സീമയെ പരിചയപ്പെട്ടത്. പരിചയം സൗഹൃദമാവുകയും പിന്നീട് വിവാഹത്തിലെത്തുകയുമായിരുന്നു.
പത്രങ്ങളിലെ വിവാഹ പരസ്യത്തില്‍ നിന്നും മറ്റ് മാട്രിമോണിയല്‍ സൈറ്റുകളില്‍ നിന്നുമാണ് സീമ 'ഇരകളെ' കണ്ടെത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. പല സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിസിനസുകാരെയും സമ്പന്നരെയുമാണ് സീമ ഇതിനകം വലയില്‍ വീഴ്ത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.