ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ സ്കൂള്‍ ഉടമയും സംഘവും വിദ്യാര്‍ഥിയെ ബലികൊടുത്ത കേസില്‍ വന്‍ ട്വിസ്റ്റ്. 11 വയസുള്ള കൃതാര്‍ഥ് കുശ്‍വാഹയുടെ കൊലപാതകത്തിലാണ് വഴിത്തിരിവുണ്ടായത്. അറസ്റ്റിലായ സ്കൂള്‍ ഉടമയും മാനേജരും മൂന്ന് അധ്യാപകരുമല്ല കൊലപാതകം നടത്തിയതെന്നാണ് ഹാത്രസ് പൊലീസിന്‍റെ പുതിയ വെളിപ്പെടുത്തല്‍. സ്കൂളിന് ഉന്നതിയുണ്ടാകാന്‍ കുട്ടിയെ ബലികൊടുത്തു എന്ന ആദ്യത്തെ കണ്ടെത്തലാണ് പൊലീസ് തന്നെ ചവറ്റുകൊട്ടയില്‍ എറിഞ്ഞത്. മൊഴികളിലെയും തെളിവുകളിലെയും പൊരുത്തക്കേടുകളെക്കുറിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യഥാര്‍ഥ പ്രതി വെളിച്ചത്തുവന്നത്.
ഹാത്രസ് ഡി.എല്‍. റസിഡന്‍ഷ്യല്‍ പബ്ലിക് സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു കൃതാര്‍ഥ് കുശ്‍വാഹ. നോയിഡയില്‍ സോഫ്റ്റ്‍വെയര്‍ എന്‍ജിനീയറായ ശ്രീകൃഷ്ണ കുശ്‍വാഹയുടെ മകന്‍. സെപ്തംബര്‍ 23ന് രാവിലെ കന് സുഖമില്ലെന്നുപറഞ്ഞ് ശ്രീകൃഷ്ണയ്ക്ക് സ്കൂളില്‍ നിന്ന് ഫോണ്‍ വന്നു. വൈകുന്നേരം സ്കൂള്‍ മാനേജര്‍ ദിനേഷ് ഭാഗേല്‍ വിളിച്ച് കൃതാര്‍ഥിന്‍റെ നില ഗുരുതരമാണെന്നും ആഗ്രയിലേക്ക് കൊണ്ടുപോകുകയാണെന്നും പറഞ്ഞു. കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആഗ്രയില്‍ നിന്ന് ഹാത്രസിലേക്ക് മടങ്ങുകയാണെന്ന് മറുപടി. സംശയം തോന്നിയ കുടുംബം സഹാബാദില്‍ വച്ച് കാര്‍ തടഞ്ഞു. കാറില്‍ കുട്ടിയുടെ മൃതദേഹമാണ് കണ്ടത്.
തുടര്‍ന്ന് പൊലീസ് അന്വേഷണം തുടങ്ങി. സെപ്തംബര്‍ 22ന് രാത്രി കൃതാര്‍ഥിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. സ്കൂള്‍ ഉടമ യശോവര്‍ധന്‍ സിങ് താന്ത്രിക വിദ്യകളില്‍ വിശ്വസിച്ചിരുന്നയാളായിരുന്നു. സ്കൂളിന്‍റെ അഭിവൃദ്ധിക്കുവേണ്ടി ആണ്‍കുട്ടിയെ ബലികൊടുക്കണമെന്ന് ഇയാള്‍ മകനും സ്കൂള്‍ മാനേജരുമായ ദിനേശ് ബാഗേലിനോട് പറഞ്ഞെന്നും ബാഗേല്‍ സ്കൂള്‍ പ്രിന്‍സിപ്പലിന്‍റെ മറ്റ് രണ്ട് അധ്യാപകരുടെയും സഹായത്തോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നുമായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍. ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് മുടി നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കൃതാര്‍ഥ് എതിര്‍ത്തെന്നും ഭാഗേലും മറ്റുള്ളവരും ചേര്‍ന്ന് കുട്ടിയുടെ വായില്‍ തുണി തിരുകി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് ആദ്യ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. മൃതദേഹം ഉപേക്ഷിക്കാനും തെളിവ് നശിപ്പിക്കാനും ഭാഗേലും സംഘവും ഹാത്രസില്‍ നിന്ന് ആഗ്രയിലേക്കും അവിടെ നിന്ന് അലിഗഡിലേക്കും യാത്ര ചെയ്തു. അതിനിടെയാണ് കുടുംബം കാര്‍ തടഞ്ഞ് മൃതദേഹം കണ്ടെത്തിയത്.
സാക്ഷിമൊഴികളും തെളിവുകളുമൊക്കെ വച്ച് യശോവര്‍ധന്‍ സിങ്ങിനെയും ദിനേശ് ബാഗേലിനെയും മറ്റ് മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലാകെ വന്‍ ജനരോഷമുയര്‍ന്ന കേസിന് അതോടെ അന്ത്യമായെന്ന് കരുതിയതാണ്. എന്നാല്‍ ചില മൊഴികളും തെളിവുകളും പൊരുത്തപ്പെടാതെ വന്നതോടെ പൊലീസ് കൂടുതലാളുകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. അധ്യാപകരെയും വിദ്യാര്‍ഥികളെയും സ്കൂള്‍ ജീവനക്കാരെയും സ്കൂളുമായി നിരന്തരം ഇടപെട്ടിരുന്ന മറ്റുചിലരെയും ചോദ്യംചെയ്തു. പല മൊഴികളും കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമായ സംശയങ്ങളിലേക്ക് നയിച്ചു. ഒടുവില്‍ സ്കൂളില്‍ നടന്നതായി പറഞ്ഞ രണ്ട് സംഭവങ്ങള്‍ ഒരു പതിമൂന്നുകാരനിലേക്ക് പൊലീസിനെ എത്തിച്ചു.
പൊലീസ് കണ്ടെത്തിയ സൈക്കോ ബാലന്‍
രണ്ട് വിദ്യാര്‍ഥികളെ ആക്രമിക്കാന്‍ ശ്രമിച്ച എട്ടാംക്ലാസുകാരനായിരുന്നു കക്ഷി. രണ്ട് സംഭവങ്ങളും സ്കൂളില്‍ സാധാരണ ഉണ്ടാകാറുള്ള നിസാര പ്രശ്നങ്ങളായി കരുതി അധ്യാപകര്‍ തള്ളിക്കളഞ്ഞതായിരുന്നു. എന്നാല്‍ സെപ്തംബര്‍ 22ന് രാത്രി ഈ വിദ്യാര്‍ഥിയുടെ ഇരുണ്ട ചിന്തകളുടെ ഇരയായി കൃതാര്‍ഥ് എന്നാണ് പൊലീസിന്‍റെ പുതിയ കണ്ടെത്തല്‍. പിറ്റേന്ന് രാവിലെ ഡോര്‍മിറ്ററിയിലെ കട്ടിലിലാണ് കൃതാര്‍ഥിന്‍റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതക കാരണം കേട്ടപ്പോഴാണ് പൊലീസുകാര്‍ നടുങ്ങിയത്. റസിഡന്‍ഷ്യല്‍ സ്കൂളിലെ മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്ന് രക്ഷ നേടാനാണത്രെ കൊലപാതകം നടത്തിയത്. കൊലപാതകത്തിന്‍റെ പേരില്‍ കുറച്ചുദിവസത്തേക്കെങ്കിലും സ്കൂള്‍ അടച്ചിടുമെന്ന് കരുതിയെന്ന് ഈ വിദ്യാര്‍ഥി മൊഴി നല്‍കിയെന്നാണ് പൊലീസിന്‍റെ വെളിപ്പെടുത്തല്‍. ആരുമറിയാതെ ഈമാസം 16ന് പ്രതിയെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്കയച്ചു.
പ്രതിയുടെ ഇന്‍റര്‍നെറ്റ് ഹിസ്റ്ററി പരിശോധിച്ചപ്പോള്‍ ക്രമസമാധാനം തകര്‍ക്കാനുള്ള മാര്‍ഗങ്ങള്‍ തിരഞ്ഞതായി കണ്ടെത്തിയെന്നും പൊലീസ് പറയുന്നു. പെട്ടെന്നുണ്ടായ തോന്നലിന്‍റെ അടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്നും ഹാത്രസ് പൊലീസ് കോടതിയെ അറിയിച്ചു. ഇത് കണക്കിലെടുത്ത് നേരത്തേ അറസ്റ്റിലായ യശോവര്‍ധന്‍ സിങ്ങിനും മറ്റ് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഇവരുടെ പേരിലുണ്ടായിരുന്ന കൊലപാതകക്കുറ്റം തെളിവുനശിപ്പിക്കല്‍, കുറ്റകൃത്യം അറിയിക്കാതിരിക്കല്‍ എന്നിവയായി ചുരുക്കി. ലൈസന്‍സ് ഇല്ലാതെ സ്കൂള്‍ നടത്തിയതിന് എടുത്ത കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ അഞ്ചുപേരും ഇപ്പോഴും ജയിലിലാണ്.
ഏത് കഥയിലാണ് വാസ്തവം?
പൊലീസിന്‍റെ പുതിയ വെളിപ്പെടുത്തലോടെ കേസ് അപ്പാടെ മാറിമറിഞ്ഞു. എന്നാല്‍ കൃതാര്‍ഥിന്‍റെ കുടുംബം പുതിയ കഥ വിശ്വസിച്ചിട്ടില്ല. ആദ്യം പിടിയിലായ പ്രതികള്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് അവര്‍ ചോദിക്കുന്നു. ദിനേശ് ബാഗലിന്‍റെ കാറിന്‍റെ ഡിക്കിയിലാണ് കൃതാര്‍ഥിന്‍റെ മൃതദേഹം കണ്ടെത്തിയത്. സ്കൂളില്‍ വച്ച് മറ്റൊരാളാണ് കുട്ടിയെ കൊന്നതെങ്കില്‍ അക്കാര്യം പൊലീസില്‍ അറിയിച്ചാല്‍ മതിയായിരുന്നല്ലോ എന്നാണ് സ്വാഭാവിക സംശയം. അതിനുപകരം മൃതദേഹം കാറിലിട്ട് ആഗ്രയിലും അലിഗഡിലുമെല്ലാം എന്തിന് പോയി എന്നതടക്കം ഒട്ടേറെ സുപ്രധാനചോദ്യങ്ങള്‍ക്ക് പൊലീസ് ഉത്തരം പറയേണ്ടിവരും. മകന് നീതി കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്ന് ശ്രീകൃഷ്ണ കുശ്‍വാഹ പറയുന്നതും ഈ സംശയങ്ങളുടെ അടിസ്ഥാനത്തിലാണ്. ഏതായാലും പുതിയ കഥയും പഴയ കഥയും തമ്മിലുള്ള അന്തരം കോടതിയില്‍ തെളിയിക്കാന്‍ ഹാത്രസ് പൊലീസ് പാടുപെടുമെന്നുറപ്പ്.