18 മാസങ്ങള്‍ക്കകം 11 പേരെ ക്രൂരമായി കൊലപ്പെടുത്തിയ സീരിയല്‍ കില്ലറെ കീഴ്പ്പെടുത്തി പഞ്ചാബ് പൊലീസ്. ലൈംഗിക തൊഴിലാളിയായി പ്രവര്‍ത്തിക്കുന്ന റാം സരൂപ് എന്ന സോധി (33) ആണ് പൊലീസ് പിടിയിലായത്. റുപ്നഗര്‍, ഫത്തോഗര്‍ഗ് സാഹിബ്, ഹോഷിയാര്‍പുര്‍ തുടങ്ങിയിടങ്ങളിലാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയത്.. കൊലയ്ക്കു ശേഷം ഇരകളുടെ കാലില്‍ പിടിച്ച് മാപ്പ് ചോദിക്കുന്നതും ഇയാളുടെ പതിവായിരുന്നുവെന്ന് പൊലീസ്.
രാത്രികാലങ്ങളില്‍ റോഡില്‍ നിന്ന് വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിക്കും. ഇയാളെ വാഹനത്തില്‍ കയറ്റിപ്പോയവരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും.. കുറച്ചുദൂരം എത്തുമ്പോള്‍ അപരിചിതനെ പ്രതി ഭീഷണിപ്പെടുത്താന്‍ തുടങ്ങും. ആദ്യം മോചനദ്രവ്യം ആവശ്യപ്പെടും. സമ്മതിക്കാതെ വരുമ്പോള്‍ കൊല ചെയ്യും. ഇയാള്‍ കയ്യില്‍ കരുതിയിരുന്ന മഫ്ളര്‍ ഉപയോഗിച്ചാണ് മിക്ക കൊലപാതകങ്ങളും നടപ്പാക്കിയത്.
മഫ്ളര്‍ കൊണ്ട് ഇരകളുടെ കഴുത്ത് ഞെരിക്കും. അല്ലെങ്കില്‍ തല തറയില്‍ ഇടിപ്പിക്കും. ക്രൂരമായ കൊലയ്ക്കു ശേഷം മൃതദേഹത്തിന്‍റെ കാലില്‍ തൊട്ട് മാപ്പപേക്ഷിക്കും. ശേഷം മൃതദേഹത്തില്‍ ‘ചതിയന്‍’ എന്നെഴുതി അവിടം വിടും. ഇക്കാര്യങ്ങളത്രയും പ്രതി പൊലീസിനോട് വിശദീകരിച്ചു. മദ്യലഹരിയിലാണ് താന്‍ ഈ കൊലപാതകങ്ങളെല്ലാം ചെയ്തത് എന്നും പ്രതി മൊഴി നല്‍കി.
150 രൂപയ്ക്കു വേണ്ടിയാണ് ഒരു മെക്കാനിക്കിനെ കൊന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ലൈംഗിക ബന്ധത്തിനു ശേഷം മെക്കാനിക്കുമായി 150 രൂപയുടെ പേരില്‍ തര്‍ക്കമുണ്ടായി. ഇത് കൊലയില്‍ കലാശിക്കുകയായിരുന്നു. മെക്കാനിക്കാണ് ആദ്യം തന്നെ ഉപദ്രവിച്ചതെന്നാണ് പ്രതിയുടെ വാദം. അക്രമം തടുക്കാന്‍ ഒരു വടി കൊണ്ട് പ്രതിരോധിച്ചു. സാധിക്കാതെ വന്നപ്പോള്‍ കയ്യിലുണ്ടായിരുന്ന മഫ്ളര്‍ അയാളുടെ കഴുത്തില്‍ ചുറ്റി കൊന്നു. പിന്നീട് അയാളുടെ കാലില്‍ തൊട്ട് മാപ്പപേക്ഷിച്ചാണ് മടങ്ങിയത് എന്ന് പ്രതി.
പ്രതിയുടെ വ്യക്തി ജീവിതം ഏറെ ദുര്‍ഘടം നിറഞ്ഞതായിരുന്നുവെന്ന് പൊലീസ്. സ്വവര്‍ഗാനുരാഗിയാണ് സരൂപ് എന്ന് തിരിച്ചറിഞ്ഞതോടെ രണ്ടു വര്‍ഷം മുന്‍പ് ഭാര്യ ഇയാളെ ഉപേക്ഷിച്ചു. മൂന്ന് മക്കളുമുണ്ട് ഇവര്‍ക്ക്. മോദ്ര ടോള്‍ പ്ലാസയ്ക്കു സമീപം 37കാരനായ മനീന്ദര്‍ സിങ് എന്നയാളെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിലാണ് പ്രതി പിടിയിലായത്. ചോദ്യം ചെയ്യലിലാണ് മറ്റ് പത്ത് കൊലപാതകങ്ങള്‍ കൂടി വെളിവായത്. ഇതില്‍ അഞ്ച് കൊലക്കേസുകളുടെ വിശദവിവരം പൊലീസ് കണ്ടെത്തി. കുറ്റകൃത്യങ്ങളെല്ലാം കൃത്യമായി ഓര്‍ക്കുന്നില്ല എന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.