ഹൈക്കോടതിയെ പോലും വെല്ലുവിളിച്ച് തിരുവനന്തപുരത്ത് പൊലീസ് പിന്തുണയോടെ റോഡില്‍ സ്റ്റേജ് കെട്ടി ഗതാഗതം തടസപ്പെടുത്തി. ബാലരാമപുരം ജംക്‌ഷനില്‍ വഴി തടസപ്പെടുത്തി ,പഞ്ചായത്ത് നടത്തിയ ജ്വാല വനിത ജംക്‌ഷന്‍ എന്ന പരിപാടി ഉദ്ഘാടനം ചെയ്തതാകട്ടേ റൂറല്‍ എസ് പി കിരണ്‍ നാരായണനും . പൊലീസിന്‍റെ പിന്തുണയോടെ നടന്ന നിയമലംഘനത്തിന്‍റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.
വഞ്ചിയൂരില്‍ സിപിഎം റോഡ് കയ്യേറി സ്റ്റേജ് കെട്ടിയത് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിനിടയാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെയാണ് പൊലീസ് പിന്‍തുണയോടെയുള്ള ബാലരാമപുരം പഞ്ചായത്തിന്‍റെ നിയമലംഘനം. ഇന്നലെ വൈകിട്ടാണ് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി ബാലരാമപുരം പഞ്ചായത്ത് റോഡില്‍ സ്റ്റേജ് കെട്ടിയത്. നിയമലംഘനം തടയേണ്ട പൊലീസ് വഴി തടഞ്ഞ് റോഡ് കെട്ടാന്‍ പൂര്‍ണ പിന്തുണയും നല്‍കി. സ്റ്റേജ് കെട്ടാന്‍ പിന്‍തുണ നല്‍കുക മാത്രമല്ല പരിപാടി ഉദ്ഘാടനം ചെയ്യാന്‍ റൂറല്‍ എസ് പി കിരണ്‍ നാരായണന്‍ തന്നെ നേരിട്ടെത്തി. റോഡ് കയ്യേറിയത് രൂക്ഷമായ ഗതാഗത കുരുക്കിന് കാരണമായി.
എന്നാല്‍ റോഡ് കയ്യേറിയിട്ടില്ലെന്നാണ് ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിന്‍റെ പ്രതികരണം. എല്ലാവരും പരിപാടികള്‍ നടത്തുന്ന ഈ പ്രദേശത്താണെന്നും ഗതാഗത തടസമുണ്ടായിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അതേസമയം നിയമം ലംഘിച്ചുള്ള സ്റ്റേജിനെപ്പറ്റി പരിശോധിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ചിന് പൊലീസ് ഉന്നതര്‍ നിര്‍ദേശം നല്‍കി. റൂറല്‍ എസ് പിയുടെ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും ലഭ്യമായില്ല.