ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനും അപ്പൂപ്പന്റെ സുഹൃത്തും അറസ്റ്റിൽ. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. കുഞ്ഞിന്റെ രണ്ടാനച്ഛനായ കല്ലിയൂർ കുണ്ടൻകാവ് സ്വദേശി അനീഷ് (31), അപ്പൂപ്പന്റെ സുഹൃത്തായ കുളത്തൂർ ആറ്റിപ്ര സ്വദേശി ബാബുരാജ് (55) എന്നിവരാണ് പിടിയിലായത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോത്തൻകോട് പൊലീസ് ഇരുവരെയും അറസ്റ്റു ചെയ്തത്.
ഒരുമാസം മുൻപ് കുട്ടിയുടെ അമ്മ വിദേശത്ത് ജോലിക്കായി പോയിരുന്നു. ഇതിനുശേഷം കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്കൂളിലെ ടീച്ചർ കുട്ടിയുടെ അമ്മയെ വിളിച്ച് വിവരം പറയുകയായിരുന്നു. തുടർന്ന് അമ്മ നാട്ടിലെത്തി കുട്ടിയെ കൗൺസലിംഗിന് വിധേയമാക്കി. അപ്പോഴാണ് ഞെട്ടിക്കുന്ന പീഡനവിവരം പുറത്തറിയുന്നത്.
രണ്ടാനച്ഛനായ അനീഷ് രണ്ടു വർഷത്തിലധികമായി പീഡിപ്പിക്കുകയാണെന്ന് കൗൺസലിംഗിനിടെ കുട്ടി പറഞ്ഞു. ഇത് പുറത്തുപറഞ്ഞാൽ അമ്മയെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു. കുട്ടിയുടെ അപ്പൂപ്പന്റെ സുഹൃത്തും കെ.എസ്.ആർ.ടി.സിയിലെ താൽക്കാലിക ഡ്രൈവറുമായ ബാബുരാജ് ഒരു ദിവസം വീട്ടിലെത്തി കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
കുട്ടിയെ വൈദ്യപരിശോധന നടത്തിയപ്പോൾ പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നേരത്തെ സ്കൂൾ കുട്ടിയെ ആക്രമിച്ച മറ്റൊരു കേസിലും അനീഷ് പ്രതിയാണ്.