kalamassery-ganja-students

കളമശേരി പോളിടെക്നിക്കിലെ ഹോസ്റ്റലിലേക്ക് നാലുകിലോയിലേറെ കഞ്ചാവ് എത്തിച്ചിരുന്നതായി വിവരം. കേസില്‍ പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാണാതായ കഞ്ചാവിനായി പൊലീസിസ് അന്വേഷണം ഊര്‍ജിതമാക്കി. ഹോസ്റ്റലിലെ ലഹരിയിടപാടുകളില്‍ രാഷ്ട്രീയം മറന്നുള്ള ഐക്യമുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കഞ്ചാവ് എത്തിക്കുന്ന വിവരം കേസില്‍ അറസ്റ്റിലായ എല്ലാവര്‍ക്കും അറിവുണ്ടായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതരസംസ്ഥാനക്കാരും അല്ലാത്തവരുമായ ലഹരിമാഫിയ സംഘങ്ങള്‍ വഴിയാണ് ഹോസ്റ്റലിലേക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നത്. കിലോയ്ക്ക് പതിനായിരം രൂപ നിരക്കിലാണ് കഞ്ചാവ് വാങ്ങിയതെന്നാണ് പിടിയിലായവരുടെ മൊഴി. പണം നല്‍കിയ കൊല്ലം സ്വദേശിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസ് റെയ്ഡിനെത്തിയതിന് പിന്നാലെ കേസിലെ മുഖ്യപ്രതിയായ ആകാശിനെ 'സേഫല്ലെ' എന്ന് ചോദിച്ച് വിളിച്ച വിദ്യാര്‍ഥിയെ കേന്ദ്രീകരിച്ചും പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. 

ഹോളി ആഘോഷത്തിന്‍റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ വന്‍തോതില്‍ കഞ്ചാവ് വാങ്ങിക്കൂട്ടിയത്. ആഘോഷത്തിനായി കോളജ് ഹോസ്റ്റലിലേക്ക് വന്‍തോതില്‍ലഹരിയെത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവും മറ്റ് ലഹരി പദാര്‍ഥങ്ങളും കണ്ടെത്തിയതും വിദ്യാര്‍ഥികളുള്‍പ്പടെ പിടിയിലായതും. 

ENGLISH SUMMARY:

More than 4 kg of ganja was supplied to Kalamassery Polytechnic Hostel. Police confirm political neutrality in hostel drug dealings and intensify their search for missing contraband.