പോക്സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് മുന്‍കൂര്‍ജാമ്യം തേടി ജയചന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. ജയചന്ദ്രന്‍ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂൺ 8ന് കോഴിക്കോട് നഗരപരിധിയിലെ ഒരു വീട്ടിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് പൊലീസ് എഫ്ഐആറിലുള്ളത് .പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
കുട്ടിയുടെ അമ്മ ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് (ഡിസിപിയു) മുഖേന നൽകിയ പരാതി കസബ പൊലീസിന് കൈമാറുകയായിരുന്നു. കേസില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കസബ പൊലീസ് നടനെതിരെ കേസെടുത്തത്. കുടുംബ തർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചെന്നായിരുന്നു ഇവരുടെ പരാതി. കഴിഞ്ഞ ജൂണില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ജയചന്ദ്രന്‍ ഒളിവില്‍ പോയെന്നാണ് പൊലീസിന്‍റെ ഭാഷ്യം. അന്നുമുതല്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് കേസ് മുന്നോട്ട് പോകുന്നത്. ഇതിനിടെ പൊലീസ് കുട്ടിയില്‍ നിന്നും മൊഴിയെടുത്തിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്‍റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് മൊഴി എടുത്തിരുന്നത്.
പൊലീസ് അന്വേഷണം തുടരുന്നതിനിടെ ജയചന്ദ്രന്‍ കോഴിക്കോട് പോക്സോ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ ജൂലൈ 12ന് തള്ളിയിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി നടന്‍ ഹൈക്കോടതിയെ സമീപിച്ചത്. മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് ജി.ഗിരീഷ് ഹർജി തള്ളുകയായിരുന്നു.