താന്‍ ചെയ്ത ക്രൂരകൊലപാതകം ഒരു തമാശക്കഥ പറയുന്ന ലാഘവത്തോടെ തുറന്നുപറഞ്ഞ് പ്രതി. ബസില്‍വച്ച് പരിചയപ്പെട്ട പതിനെട്ടുകാരിയെ കൊലപ്പെടുത്തിയ രീതിയാണ് പ്രതി വെളിപ്പെടുത്തിയത്. പോളണ്ടിലെ കറ്റോവീസ് നഗരത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 20കാരനായ മാത്യൂസ് ഹെപ്പയാണ് അറസ്റ്റിലായത്.
വിക്ടോറിയ കോസീല്‍സ്ക്കയെന്ന പെണ്‍കുട്ടി പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ് പ്രതിയെ പരിചയപ്പെട്ടത്. കാര്‍ വര്‍ക് ഷോപ് ജീവനക്കാരനായ ഇയാള്‍ വിക്ടോറിയയെ സ്വന്തം അപാര്‍ട്ട്മെന്റിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. 2023ഓഗസ്റ്റിലാണ് സംഭവം നടന്നത്. അപാര്‍ട്ട്മെന്റില്‍വച്ച് ഉറങ്ങിപ്പോയ വിക്ടോറിയയെ ഇയാള്‍ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. അതിനായി നാണയംകൊണ്ട് ടോസ് ഇട്ട് നോക്കിയെന്നും പിന്നാലെ ഹെഡ്സ് വീണപ്പോള്‍ കഴുത്തില്‍ കയര്‍ ഞെരിച്ച് കൊലപ്പെടുത്തിയെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
‘വീട്ടിലേക്ക് പോവണോ തന്റെ കൂടെ വരണോ എന്നു വിക്ടോറിയയോട് ചോദിച്ചപ്പോള്‍ തന്റെ കൂടെ വരികയായിരുന്നുവെന്നും ഇയാള്‍ പറയുന്നു. ഒത്തിരിനേരം സംസാരിച്ചില്ല, പിന്നാലെ വിക്ടോറിയ ഉറങ്ങി, ഉണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ നടന്നില്ല, പിന്നെ കൊലപ്പെടുത്തണോ എന്നറിയാന്‍ ടോസ് ഇട്ടുനോക്കി, ഹെഡ്സ് വീണതോടെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു, നെഞ്ചത്തുകയറിയിരുന്ന് കൊലപ്പെടുത്തി, പിന്നാലെ അവളുടെ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി, മൃതദേഹവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു’ ഇങ്ങനെയായിരുന്നു പ്രതിയുടെ വെളിപ്പെടുത്തല്‍.
ഇതിനു ശേഷം പ്രതി വിക്ടോറിയയുടെ മൃതദേഹം ഒരു പ്ലാസ്റ്റിക് കവറിലാക്കിയ ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹം കണ്ടെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് മാത്യൂസ് ഹെപയെ കസ്റ്റഡിയിലെടുത്തിരുന്നു. ടോസ് ഇട്ടപ്പോള്‍ ടെയില്‍ ആണ് കിട്ടിയിരുന്നതെങ്കില്‍ അവള്‍ ഇപ്പോഴും ജീവനോടെ ഇരുന്നേനെയെന്നും യാതൊരു കൂസലോ കുറ്റബോധമോ ഇല്ലാതെ ഹെപ്പ പറയുന്നു. താനാരെയെങ്കിലും ഒന്നു കൊലപ്പെടുത്താനായി തിരഞ്ഞ് നടക്കുകയായിരുന്നുവെന്നും ഇയാള്‍ വിചാരണക്കിടെ കോടതിയില്‍ പറഞ്ഞു.