ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിന്റെ അതിക്രമം. മുറ്റത്തു നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിനും പൊലീസ് ഉദ്യോഗസ്ഥന്റെ കാറിനും നേരെയായിരുന്നു കയ്യേറ്റം. കേസിൽ പാലക്കാട് നൂറണി പട്ടാണി തെരുവിലെ ഷബീർ അലി എന്ന ടൈറ്റാൻ അറസ്റ്റിലായി.
കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചു വാഹനം ഓടിച്ച സുഹൃത്തിനെ ജാമ്യത്തിൽ എടുക്കാൻ എത്തിയതാണ് ഷബീർ അലി. ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളായതിനാൽ ഷബീർ അലിയുടെ ജാമ്യം അംഗീകരിക്കാനാകില്ലെന്നു പൊലീസ് വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു അതിക്രമം. സംഭവം പൊലീസ് ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞതുമില്ല. പൊലീസ് വാഹനത്തിന്റെ മുൻവശത്തെ ഡോറിനോടു ചേർന്ന മിററാണു നശിപ്പിച്ചത്.
സിപിഒ രാജീവിന്റെ കാറിലെയും മിറർ തകർത്തതിനു പുറമേ, ഒരു ഭാഗം മുഴുവൻ കല്ലുകൊണ്ടു വരച്ച് പെയിന്റെ കളഞ്ഞു. സംശയം തോന്നിയ പൊലീസ് ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുന്നത്. പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണു കേസ്. ഇയാളുടെ പേരിൽ വധശ്രമം, കളവ്, പിടിച്ചുപറി, കഞ്ചാവ്കടത്ത് ഉൾപ്പെടെ പാലക്കാട്, മലപ്പുറം ജില്ലകളിലായി 32 കേസുകളുണ്ടെന്നു പൊലീസ് അറിയിച്ചു.