ജനുവരി 16, പുലര്‍ച്ചെ രണ്ടര. മുംബൈ നഗരവും ബോളിവുഡും വിറച്ച നിമിഷങ്ങള്‍. നടന്‍ സെയ്ഫ് അലിഖാനു കുത്തേറ്റു. അതിസമ്പന്നരും സിനിമാതാരങ്ങളും താമസിക്കുന്ന ബാന്ദ്ര വെസ്റ്റിലേക്ക് നിമിഷ നേരം കൊണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇരച്ചെത്തി. അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാളിലേക്ക് ക്യാമറക്കണ്ണുകള്‍ ഫോക്കസ് ചെയ്യുന്നു. വളരെപ്പെട്ടെന്ന് ഈ വ്യക്തി സോഷ്യല്‍മീഡിയയില്‍ വൈറലായി. കറുത്ത ടീ ഷര്‍ട്ട്, ബ്ലൂ ജീന്‍സ്, പോക്കറ്റില്‍ തിരുകിയ തോക്ക്. ആരാണ് ആ ഓഫിസര്‍ ? 1990 കളില്‍ മുംബൈ നഗരത്തെ വിറപ്പിച്ച ദ മോസ്റ്റ് ഡ്രാസ്റ്റിക് എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റ് ദയ നായക്. 83 ഓളം അധോലോക സംഘാംഗങ്ങളെ വെടിവച്ചിട്ട കുറ്റവാളികളുടെ പേടി സ്വപ്നം. 

അധോലോക ഏറ്റുമുട്ടൽ വിദഗ്‌ധനായി പേരെടുത്ത പൊലീസ് സബ് ഇൻസ്‌പെക്‌ടർ . നഗരത്തെ നടുക്കിയ കുപ്രസിദ്ധരായ അധോലോക നേതാക്കളെ ഏറ്റുമുട്ടലിലൂടെ വകവരുത്തി റിക്കാർഡ് സൃഷ്‌ടിച്ചു. 

ബോളിവുഡ് സിനിമകളെപ്പോലും വിസ്‌മയിപ്പിക്കുന്ന കഥ പോലെയായിരുന്നു ദയാ നായകിന്റെ ജീവിതം. 

സ്വദേശം കര്‍ണാടകയിലെ ഉഡുപ്പി. ഒഴിവു സമയം പഠനത്തിനു ചെലവഴിച്ച ഈ കൗമാരക്കാരൻ ജോലി സ്വപ്നം കണ്ടാണ് മുംബൈയിലേക്ക് വണ്ടി കയറിയത്. അന്ധേരിയിലെ ഹോട്ടലിൽ മേശ തുടച്ചും പാത്രം കഴുകിയും പോക്കറ്റ് മണി കണ്ടെത്തി. അന്ധേരി സി. ഇ. എസ്. കോളജിൽനിന്നു കൊമേഴ്‌സിൽ ബിരുദം. 1995 ൽ മുംബൈ പൊലീസിൽ സബ് ഇൻസ്‌പെക്‌ടറായി. ഭരണകൂടങ്ങള്‍ക്കും ജനങ്ങള്‍ക്കും നിരന്തരം തലവേദന സൃഷ്ടിക്കുന്ന ഗുണ്ടാ സംഘങ്ങള്‍ക്കിടയിലേക്ക് ദയാ നായക്കെന്ന പൊലീസ് ഓഫിസറുടെ മാസ് എന്‍ട്രിയായിരുന്നു പിന്നീടുള്ള വര്‍ഷങ്ങളില്‍ കണ്ടത്. ജൂഹു പൊലീസ് സ്‌റ്റേഷനിൽ ചാർജെടുത്തു. 1996 ഡിസംബർ 31 നു കുപ്രസിദ്ധ കവർച്ചാ സംഘത്തിലെ രണ്ടുപേരെ വെടിവച്ചു വീഴ്‌ത്തി ശ്രദ്ധേയനായി. ഛോട്ടാ ഷക്കീൽ സംഘാംഗങ്ങളെ പിടികൂടാനുള്ള ശ്രമത്തിനിടെ ദയാ നായകിന് വെടിയേറ്റു. അടുത്ത ദിവസം പത്രങ്ങളിലെ ഹീറോ ദയാ നായക് ആയിരുന്നു. 

അതൊരു സാംപിള്‍ മാത്രമായിരുന്നു. ദയ നായകിന്റെ തോക്കിലെ ഇടിമുഴക്കം കേള്‍ക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അടുത്ത ഏഴുവർഷത്തിനുള്ളിൽ എണ്‍പതിലേറെപ്പേരെ വെടിവച്ചു വീഴ്‌ത്തി. അവരിലേറെയും ദാവൂദ് സംഘാംഗങ്ങൾ ആയിരുന്നുവെന്നത് ഇദ്ദേഹത്തെ കൂടുതൽ ജനപ്രിയനാക്കി. പത്രങ്ങളും മാസികകളും നായകിന്റെ കഥകൾ പ്രസിദ്ധീകരിക്കാൻ മത്സരിച്ചു. ഉന്നതിയിലേക്കു ഈ ഓഫിസര്‍ വളർന്നു. അമിതാഭ് ബച്ചനും സുനിൽ ഷെട്ടിയും സഞ്‌ജയ് ദത്തുമടക്കമുള്ള ബോളിവുഡ് താരങ്ങൾ അദ്ദേഹത്തിന്റെ ആരാധകരായി.

സംവിധായകന്‍ രാംഗോപാൽ വർമ ദയാനായകിന്റെ ജീവിതകഥ ‘അബ് തക് ഛപ്പൻ’ എന്ന പേരിൽ സിനിമയാക്കിയതോടെ ജനപ്രീതി പീക്ക് ലെവലിലെത്തി. ‘കാഗർ’ എന്ന പേരിൽ മറ്റൊരു ചിത്രവും ഇറങ്ങി. 

പക്ഷെ വീരപരിവേഷത്തിനു അധികം ആയുസുണ്ടായില്ല. 1999ല്‍ ആദ്യ ആരോപണം. ഏറ്റുമുട്ടലിൽ വെടിവച്ചു കൊല്ലുമെന്നു ഭീഷണിപ്പെടുത്തി താരിഖ് നബി എന്നയാളിൽനിന്നു പണം പിരിച്ചുവെന്നായിരുന്നു കേസ്. മംഗലാപുരത്തു തന്റെ അമ്മയുടെ പേരിൽ ഒരു കോടി രൂപ മുടക്കി സ്‌കൂൾ സ്‌ഥാപിച്ചത് രണ്ടാമത്തെ വിവാദം. ഇതിന്റെ ഉദ്‌ഘാടനത്തിന് ചാർട്ടർ ചെയ്‌ത വിമാനത്തിലാണ് അമിതാഭ് ബച്ചനെ മംഗലാപുരത്തെത്തിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്നത്തെ കർണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്‌ണയും ചടങ്ങിനെത്തിയിരുന്നു. ഒരു ഇൻസ്‌പെക്‌ടർക്ക് ഇത്രയും പണം സമ്പാദിക്കാനായതെങ്ങനെ എന്ന സംശയമുണർന്നെങ്കിലും അന്വേഷണം മുന്നോട്ടു പോയില്ല. ഇതിനിടെ ദുബായിലെ വൻകിട ഹോട്ടലിൽ പങ്കാളിത്തവും സ്വിറ്റ്‌സർലൻഡിൽ ഫ്ലാറ്റും മുംബൈയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വത്തുക്കളും സമ്പാദിച്ചതായി ആരോപണമുയര്‍ന്നു. 

അഴിമതി ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് ക്രൈംബ്രാഞ്ചിന്റെ പ്രശസ്‌തമായ ഏറ്റുമുട്ടൽ സ്‌ക്വാഡ് പിരിച്ചുവിടാൻ സർക്കാർ തീരുമാനിച്ചു. അടുത്ത സുഹൃത്തും പത്രപ്രവർത്തകനുമായിരുന്ന കേതൻ തിരോഡ്‌കർ നായകിനെതിരെ അധോലോക ബന്ധം ആരോപിച്ചു കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്‌തതോടെ പതനം പൂർണമായി. 

കുപ്രസിദ്ധരായ ഛോട്ടാ ഷക്കീൽ സംഘാംഗമായ സാദിഖ് കാലിയ എന്ന നരസിംഹ, വിനോദ് മട്‌കർ, റാഫിക് ദാബ്ബാ, മൂന്ന് ലഷ്‌കറെ തയ്‌ബ അംഗങ്ങൾ  എന്നിവരടക്കം 80 ഓളം ക്രിമിനലുകളെ ഏറ്റുമുട്ടലിൽ വധിച്ച നായകിന്റെ ശക്തി ക്ഷയിക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. അധോലോക പ്രവർത്തകരുമായി ബന്ധം പുലർത്തിയെന്നും ഭീഷണിപ്പെടുത്തി പണം വാങ്ങുന്നുവെന്ന ആരോപണങ്ങള്‍ ഒരു വശത്ത്. 2006 ല്‍ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. സര്‍വീസില്‍ നിന്നും പുറത്താക്കപ്പെട്ടു. രണ്ടു മാസത്തോളം അഴിയെണ്ണേണ്ടി വന്നു. ജാമ്യം കിട്ടിയെങ്കിലും സര്‍വീസില്‍ തിരിച്ചെത്താനായില്ല. ആറര വര്‍ഷം സസ്പെന്‍ഷന്‍. നിയമപ്പോരാട്ടങ്ങള്‍ക്കൊടുവില്‍ വീണ്ടും സര്‍വീസിലേക്ക്. നിലവില്‍ ക്രൈംബ്രാഞ്ച് സീനിയര്‍ ഇന്‍സ്പെക്ടറാണ്.

ENGLISH SUMMARY:

Who is Daya Nayak? Mumbai's encounter specialist visits Saif Ali Khan’s Bandra home after attack