മുംബൈ കുര്‍ളയില്‍ മലയാളി വിദ്യാര്‍ഥിനി വീട്ടില്‍വച്ച് പീഡനത്തിന് ഇരയായ കേസില്‍ അതിജീവിതയ്ക്ക് ഭീഷണിയുണ്ടെന്ന് അമ്മ മനോരമ ന്യൂസിനോട്. ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ ആസിഡ് ആക്രമണം നടത്തുമെന്നാണ് റെയില്‍വേ ജീവനക്കാരായ പ്രതികളുടെ ഭീഷണി. ഒരു വര്‍ഷം പിന്നിട്ട് വിചാരണ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കേസ് അട്ടിമറിക്കാന്‍ ഉന്നതതല ശ്രമം നടക്കുന്നതായും അതിജീവിതയുടെ അമ്മയായ മലയാളി നഴ്സ് വെളിപ്പെടുത്തുന്നു.
മുംബൈയില്‍ നഴ്സായ ആലപ്പുഴ സ്വദേശിനിയുടെ പതിനാലു വയസുകാരിയായ മകള്‍, കുര്‍ളയിലെ വീട്ടില്‍വെച്ച് രണ്ടര വര്‍ഷം മുന്‍പാണ് പീഡനത്തിന് ഇരയായത്. ഇവര്‍ വിശ്വസിച്ച് വീട്ടില്‍ ഒപ്പം താമസിപ്പിച്ച ചേര്‍ത്തല സ്വദേശി 54കാരി വിജി ആണ് പോക്സോ കേസിലെ മുഖ്യപ്രതി. വിജിയുടെ സുഹൃത്തായ ഗുജറാത്ത് സ്വദേശി ശോഭനയും ഇവരുടെ 39 വയസുള്ള കാമുകനും ചേര്‍ന്നാണ് ലഹരി നല്‍കി വീട്ടില്‍വച്ച് പെണ്‍കുട്ടിയെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്നത്. ഭീഷണി ഭയന്ന് ഇക്കാര്യം രണ്ട് വര്‍ഷം പെണ്‍കുട്ടി മറച്ചുവച്ചു.
മുംബൈയില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്തിരുന്ന റെയില്‍വേ ജീവനക്കാരാണ് പ്രതികളില്‍ മൂന്ന് പേരും. റെയില്‍വേ യൂണിയന്‍ വഴി പണം സമാഹരിച്ച് ഇപ്പോള്‍ പ്രതികളെ ജയിലില്‍ നിന്ന് ഇറക്കാനും കേസ് അട്ടിമറിക്കാനും ശ്രമം നടക്കുന്നുവെന്നാണ് ആക്ഷേപം. ഇതേ തുടര്‍ന്ന് പബ്‍ളിക് പ്രോസിക്യൂട്ടറെ മാറ്റി സ്വകാര്യ അഭിഭാഷകനെ വയ്ക്കേണ്ടിവന്നു. ഇപ്പോള്‍ ബിരുദ വിദ്യാര്‍ഥിനിയാണ് അതിജീവിത. മാനസികമായ ആഘാതം വിട്ടുമാറിയിട്ടില്ല. മകളെ ഒറ്റയ്ക്കാക്കി ജോലിക്ക് പോകാന്‍ കഴിയുന്നില്ലെന്നും നഴ്സായ അമ്മ പറയുന്നു. ഇവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. കേസിനെ തുടര്‍ന്ന് സാമ്പത്തികമായി തകര്‍ന്നു. എന്ത് പ്രതിസന്ധി നേരിട്ടാലും പ്രതികള്‍ക്ക് ശിക്ഷവാങ്ങി നല്‍കിയേ പോരാട്ടം അവസാനിപ്പിക്കൂ എന്നാണ് അമ്മയുടെ നിലപാട്.