ഉറക്കത്തില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കിഴക്കമ്പലത്താണ് സംഭവം. ചേലക്കുളം പൂച്ചക്കുഴി വെള്ളേക്കാട്ട് നാസറിനെയാണ് ഭാര്യ നിഷയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ രണ്ടിനു ശേഷമാണ് കൊലപാതകം നടന്നതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി.
വീട്ടില്‍ നിന്നുമാറി ബന്ധുവീട്ടില്‍ നിന്ന് പഠനം നടത്തുന്ന മകന്‍ തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയിരുന്നു. എന്നാല്‍ പിതാവുമായുണ്ടായ വാക്കേറ്റത്തെത്തുടര്‍ന്ന് തൊട്ടടുത്ത ബന്ധുവീട്ടില്‍ പോയാണ് മകന്‍ കിടന്നത്. പുലര്‍ച്ചെ രണ്ടുമണിക്ക് വീട്ടിലെ ഒരു കിടപ്പുമുറിയില്‍ കിടന്ന ഭാര്യ നിഷയെ താന്‍ സ്വന്തം മുറിയിലേക്ക് വിളിച്ചുവരുത്തിയെന്ന് നാസര്‍ പൊലീസിനു മൊഴി നല്‍കി.
പുലര്‍ച്ചെ രണ്ടിനും നാലിനും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം. നാലുമണിക്ക് ഇയാള്‍ വീട്ടില്‍ നിന്നിറങ്ങി നടന്നുപോകുന്നതു കണ്ടവരുണ്ട്. രാത്രി ഉറങ്ങാന്‍ കിടന്ന ഭാര്യ വിളിച്ചിട്ട് എഴുേന്നല്‍ക്കുന്നില്ലെന്ന് ഇന്നലെ രാവിലെ നാസര്‍ അടുത്ത വീട്ടിലെത്തി അറിയിച്ചു. തുടര്‍ന്നു വീട്ടിലെത്തി നോക്കിയ അയല്‍ക്കാരാണ് മൂക്കില്‍ നിന്നും രക്തം വാര്‍ന്ന നിലയില്‍ നിഷയുടെ മൃതദേഹം കണ്ടത്.
ഉടന്‍ തന്നെ അയല്‍ക്കാര്‍ കുന്നത്തുനാട് പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പരിശോധിച്ചാണ് കൊലപാതകമാണെന്ന് ഉറപ്പാക്കിയത്. ആസിഫ്, തഫ്സീറ എന്നിവര്‍ മക്കളാണ്.