ഒൻപത് വയസുള്ള ബാലനെ ജനാലയിൽ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം അഞ്ചലിലാണ് സംഭവം. തേവർതോട്ടം കണിക്കോണത്ത് വീട്ടില്‍ മണിക്കുട്ടനെയാണ് (35) അഞ്ചൽ സി.ഐ ഹരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. ഈ മാസം 20നാണ് കേസിന് ആസ്പദമായ സംഭവം.
പ്രതി മണിക്കുട്ടന്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. അയൽ വാസിയായ ബാലന്‍ മെഴുകുതിരി ഉണ്ടോ എന്ന് ചോദിച്ചാണ് മണിക്കുട്ടന്‍റെ വീട്ടിലെത്തിയത്. തുടർന്ന് കുട്ടിയെ ബലമായി കീഴ്പ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ആക്രമണത്തിനൊടുവില്‍ കുതറിമാറിയ കുട്ടിയെ ജനാലയിൽ മുണ്ടുകൊണ്ട് കെട്ടിയിടാനായി പിന്നത്തെ ശ്രമം. ഈ സമയം മണിക്കുട്ടന്‍റെ കൈയിൽ കടിച്ച് മുറിവേല്‍പ്പിച്ച ശേഷം കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ഭയന്ന് വിറച്ച് വീട്ടിലെത്തിയ കുട്ടി മതാപിതാക്കളോട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചു. രക്ഷിതാക്കൾ നല്‍കിയ പരാതിയിലാണ് അഞ്ചൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മണിക്കുട്ടനെ റിമാന്‍ഡ് ചെയ്തു.