തിരുവനന്തപുരം കഠിനംകുളത്ത് കൊല്ലപ്പെട്ട ആതിര ഇന്‍സ്റ്റഗ്രാം റീല്‍സുകളുടെ ആരാധികയായിരുന്നു. റീല്‍സുകള്‍ ചെയ്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവക്കുന്നതും പതിവായിരുന്നു. ഈ റീല്‍സുകള്‍ക്കുതാഴെ വന്ന കമന്റുകളിലൂടെയും അഭിനന്ദനങ്ങളിലൂടെയുമാണ് ആതിര വിവാഹമോചിതനായ യുവാവുമായി സൗഹൃദത്തിലാവുന്നത്. സൗഹൃദം പിന്നീട് അടുപ്പമായി, പ്രണയമായി. ആതിരയെ കാണാന്‍ സുഹൃത്ത് വീട്ടിലും എത്തിത്തുടങ്ങി.
അതേസമയം ആതിരയുടെ ഭര്‍ത്താവ് രാജേഷ് പൂജാരിയായ അമ്പലത്തിനു തൊട്ടടുത്താണ് കൊലനടന്ന വീട്. ഈ വീട്ടിലേക്ക് പട്ടാപ്പകല്‍ ഒരാള്‍ വന്നുകയറിയെന്നതും ഭര്‍ത്താവ് അറിഞ്ഞിട്ടില്ല. ആതിരയുടെ മൃതദേഹം ആദ്യം കണ്ട് പൊലീസിനെ അറിയിച്ചതും ഭര്‍ത്താവാണ്. ഇയാളുടെ മൊഴികളില്‍ വൈരുധ്യമുള്ളതിനാല്‍ പൊലീസ് ഇനിയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും.
സൗഹൃദം മറ്റൊരു തലത്തിലേക്ക് കടന്നതോടെ ആതിരയെ പലതവണ സുഹൃത്ത് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിവാഹമോചിതനായ ഇയാള്‍ക്കൊപ്പം ഇറങ്ങിച്ചെല്ലണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. കൊലയില്‍ കലാശിച്ചതും ഇതേ ഭീഷണിയും തര്‍ക്കവുമാണെന്നാണ് പൊലീസ് നിഗമനം.
ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ പൊലീസ് തിരിച്ചറിഞ്ഞു. എറണാകുളം ചെല്ലാനം സ്വദേശി ജോണ്‍സണ്‍ ഔസേപ്പാണ് ഈ ഇന്‍സ്റ്റഗ്രാം സുഹൃത്തെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. കുടുംബത്തെ ഉപേക്ഷിച്ച് കൂടെവരണം എന്ന ആവശ്യം നിരസിച്ചതോടെ പ്രതി ആതിരയെ കൊല്ലുകയായിരുന്നു. കൊലയ്ക്ക് അവസരം കാത്ത് പ്രതി പെരുമാതുറയിലെ ലോഡ്ജില്‍ ഒരാഴ്ച താമസിച്ചതായും പൊലീസ് കണ്ടെത്തി. ഭര്‍ത്താവിനെയും മകനെയും ഉപേക്ഷിച്ച് ഒപ്പം ചെല്ലണമെന്നായിരുന്നു ജോണ്‍സന്‍റെ ആവശ്യം. ആതിര ഇതിന് തയ്യാറായില്ല.
കൊലയ്ക്കു ശേഷം ആതിരയുടെ സ്കൂട്ടറുമായാണ് പ്രതി കടന്നത്. ചിറയിന്‍കീഴ് റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് സ്കൂട്ടര്‍ കണ്ടെത്തിയിരുന്നു. ഈ സുഹൃത്തിനെക്കുറിച്ച് 7മാസങ്ങള്‍ക്കുമുന്‍പ് ആതിര പറഞ്ഞിരുന്നതായും ഭര്‍ത്താവ് പറയുന്നുണ്ട്. എന്നിട്ടും ഭര്‍ത്താവ് ആ സുഹൃത്തിനെക്കുറിച്ചോ ബന്ധത്തെക്കുറിച്ചോ കൂടുതല്‍ അന്വേഷിച്ചിട്ടില്ലെന്നുമാണ് വ്യക്തമാകുന്നത്. അന്ന് ഈ സുഹൃത്തിന്റെ പേരോ അഡ്രസോ ഒന്നും തന്നെ രാജേഷ് അന്വേഷിച്ചിട്ടില്ലെന്നതും പൊലീസിനെ സംശയത്തിലാക്കുന്നുണ്ട്.