5 യുവതികളുടെ ഭർത്താവായി ആൾമാറാട്ടം നടത്തിയ വിവാഹത്തട്ടിപ്പ് വീരൻ പിടിയിൽ. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. കല്യാണത്തിന് ശേഷം വധുവിന്റെ സ്വർണവും പണവും വിലപിടിപ്പുള്ള മറ്റ് സാധനങ്ങളും അടിച്ചുമാറ്റി മുങ്ങുന്ന ചെറുന്നിയൂർ ലക്ഷംവീട് നഗറിൽ നിതീഷ്ബാബുവാണ് (32) അറസ്റ്റിലായത്. 

വർക്കലയ്ക്ക് അടുത്ത് ചെറുന്നിയൂരിൽ താമസിക്കുന്ന യുവതിയും, നഗരൂർ സ്വദേശിയായ മറ്റൊരു യുവതിയുമാണ് യുവാവിനെതിരെ പരാതിയുമായി രം​ഗത്തെത്തിയത്. 28കാരിയായ ചെറുന്നിയൂർ സ്വദേശിനിയെ 2014ലാണ് ഇയാൾ വിവാഹം കഴിച്ചത്. തുടർന്ന് ഈ യുവതി നിതീഷിന്റെ വീട്ടിൽ താമസിച്ചുവരുകയായിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായി പ​പദ്രവിക്കാറുണ്ടെന്നും, 10 പവൻ സ്വർണാഭരണങ്ങൾ വിറ്റ് ഇയാൾ ധൂർത്തടിച്ചെന്നുമാണ് യുവതിയുടെ പരാതി. മാത്രമല്ല ഇവരെക്കൊണ്ട് രണ്ട് മൈക്രോഫിനാൻസ് സ്ഥാപനത്തിൽ നിന്നായി 50,​000 രൂപ വീതം ലോണെടുപ്പിച്ച് പണം കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു. 

യുവാവിനെതിരെ സമാന പരാതിയുമായി നഗരൂർ സ്വദേശിനിയും രംഗത്തെത്തുകയായിരുന്നു. സ്ത്രീകളുമായി പ്രണയത്തിലാവുകയും, ഏതെങ്കിലും ക്ഷേത്രത്തിൽവച്ച് വിവാഹം കഴിക്കുകയും ചെയ്യുന്നതാണ് നിതീഷിന്‍റെ രീതി. എന്നാല്‍ വിവാഹങ്ങളൊന്നും പോലും നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കൊല്ലം പരവൂർ സ്വദേശിനിയായ യുവതിയും ഇയാളുടെ വിവാഹത്തട്ടിപ്പിന് ഇരയായിട്ടുണ്ട്. 

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. യുവതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാളില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 20 പവനോളം സ്വർണ്ണാഭരണങ്ങളും, 8 ലക്ഷം രൂപയുമാണ് പ്രതി പലരില്‍ നിന്നായി കൈക്കലാക്കിയത്. സമാനമായ വിവാഹത്തട്ടിപ്പുകള്‍ ഇനിയുമുണ്ടോയെന്ന് അന്വേഷിക്കുകയാണ് പൊലീസ്. ഗാർഹിക പീഡനം, വിശ്വാസവഞ്ചന, ബലാൽസംഗം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്. 

നാല് ഭാര്യമാരാണ് ഇയാൾക്ക് ഉണ്ടായിരുന്നത്. അഞ്ചാമത് ഒരു യുവതിയെ പരിചയപ്പെട്ടത് ഇയാളുടെ നാലാമത്തെ ഭാര്യ അറിഞ്ഞതിന് പിന്നാലെയാണ് വിവാഹത്തട്ടിപ്പുകൾ പുറത്തുവരുന്നത്. 

ENGLISH SUMMARY:

Marriage fraud, youth arrested with gold and cash in varkala.