കൊല്ലം കുണ്ടറയില്‍ മുത്തച്ഛന്‍ പ്രതിയായിട്ടുളള പോക്സോ കേസില്‍ കൊട്ടാരക്കര അതിവേഗ കോടതി ഇന്ന് വിധി പറയും. പതിനൊന്നും പതിമൂന്നും വയസുളള സഹോദരിമാരെ പീഡിപ്പിച്ചെന്നും പീഡനത്തില്‍ മനംനൊന്ത് പതിനൊന്നുകാരി തൂങ്ങിമരിച്ചെന്നുമാണ് കേസ്. പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി മനോരമ ന്യൂസ് പുറത്തുവിട്ട വാര്‍ത്തയാണ് ഏഴുവര്‍ഷം മുന്‍പ് പ്രതിയെ പിടികൂടുന്നതിലേക്ക് എത്തിച്ചത്.
പ്രതിയുടെ ഭാര്യയുടെ മൊഴിയാണ് അന്ന് കേസില്‍ നിര്‍ണായകമായതെങ്കിലും കോടതിയില്‍ വിചാരയ്ക്കിടെ പ്രധാനസാക്ഷികള്‍ ഉള്‍പ്പെടെ കൂറുമാറിയിരുന്നു. മുപ്പത്തിയൊന്‍പത് സാക്ഷികളില്‍ എല്ലാവരും കൂറുമാറിയെന്നാണ് വിവരം. ആറാം ക്ലാസ് വിദ്യാർഥിനിയെ 2017 ജനുവരി പതിനഞ്ചിനാണു വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. കുട്ടി പീഡനത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും പൊലീസ് അന്വേഷണത്തില്‍ വന്‍ വീഴ്ചയുണ്ടായി. കുട്ടിയുടെ അച്ഛന്റെ പരാതി പൊലീസ് അവഗണിച്ചു. മനോരമ ന്യൂസ് വീഴ്ചകള്‍ ചൂണ്ടിക്കാട്ടി വാര്‍ത്തപുറത്തുവിട്ടതോടെയാണ് ഏറെ വൈകി പ്രതിയായ മുത്തശ്ഛനെ പിടികൂടിയത്.
പെൺകുട്ടിയുടെ അച്ഛൻ പിണങ്ങി വീടുവിട്ടതോടെ മനഃപൂർവം സാഹചര്യങ്ങൾ സൃഷ്ടിച്ച് ഒരു വർഷമായി പെൺകുട്ടിയെ മുത്തച്ഛന്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് അന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. കുട്ടിയുടെ അച്ഛനാണ് പ്രതിയെന്ന് വരുത്തിത്തീര്‍ക്കാനും കുട്ടിയുടെ അമ്മയുടെ അച്ഛനായ പ്രതി ശ്രമിച്ചിരുന്നു.