ഫോണിലൂടെ വിളിച്ച് മൊഴിചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയെന്ന പരാതിയിൽ പള്ളി ഇമാം റിമാൻഡിലായി. കൊല്ലത്ത് ആണ് സംഭവം. തൊടിയൂർ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയുടെ പരാതിയിൽ മൈനാഗപ്പള്ളി സ്വദേശി അബ്ദുൽ ബാസിദാണ് കഴിഞ്ഞദിവസം പിടിയിലായത്.
ആദ്യവിവാഹബന്ധം നിയമപരമായി വേർപ്പെടുത്താതെ വിവാഹം കഴിക്കുകയും സ്ത്രീധനത്തിന്‍റെ പേരിൽ യുവതിയെ ഉപദ്രവിക്കുകയും ചെയ്തു. കഴിഞ്ഞ പതിനാറിന് യുവതിയെ സ്വന്തം വീട്ടില്‍ എത്തിച്ച ശേഷം ഞായറാഴ്ച്ച ഫോണിലൂടെ വിളിച്ച് മൂന്ന് തവണ മൊഴി ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തുകയാണെന്ന് അറിയിച്ചെന്നാണ് പരാതി.
പത്തനംതിട്ടയിലെ ഒരുപള്ളിയിൽ ഇമാം ആയി പ്രവർത്തിക്കുകയായിരുന്നു അബ്ദുൽ ബാസിദ്. സ്ത്രീധന പീഡനം, മുത്തലാഖ് നിയമം ഉൾപ്പെടെ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.