വന്യജീവി ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ പരിഹാരം കാണാനാവാതെ പകച്ച് സര്‍ക്കാര്‍. വൈദ്യുത വേലിയും കിടങ്ങും ഉള്‍പ്പെടെ പരീക്ഷിച്ചതെല്ലാം പരാജയപ്പെട്ടു. പുതിയ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ ചില സമാശ്വാസ നടപടികള്‍ക്കപ്പുറം വരും ദിവസങ്ങളില്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് സര്‍ക്കാരും  വനം വകുപ്പും.  

പഞ്ചാര കൊല്ലിയിലെ രാധയുടെ മരണത്തെ തുടര്‍ന്ന്  ഉണ്ടായ  പ്രതിഷേധം കൂടുതല്‍ ശക്തമാകുമോ എന്ന ആശങ്ക ഒരുഭാഗത്ത്. വന്യജീവി  പ്രശ്നത്തന് ശ്വാശ്വത പരിഹാരം എന്താണെന്ന്  അറിയില്ലെന്ന യാഥാര്‍ത്യം മറുഭാഗത്ത്. ഇതിനിടയില്‍ കുടുങ്ങിയിരിക്കുകയാണ് വനം വകുപ്പും സര്‍ക്കാരും.  മലയോരപ്രദേശങ്ങളില്‍ എമ്പാടും പ്രത്യേകിച്ച് വയനാട്ടിലും ഇടുക്കിയിലും തൃശൂരും  വന്യജീവി ആക്രമണങ്ങള്‍ തുടര്‍ക്കഥയായിക്കഴിഞ്ഞു . വിവിധ ജില്ലകളിലായി  218 വില്ലജുകള്‍ അതീവ ഗുരുത പ്രശ്നം നേരിടുന്നതായാണ് വനം വകുപ്പിന്‍റെ കണ്ടെത്തല്‍.

കഴിഞ്ഞ ഒന്‍പതുവര്‍ഷത്തില്‍ 915 പേരാണ് വന്യജീവി ആക്രമണങ്ങളില്‍ മരണമടഞ്ഞത്. എണ്ണായിരത്തോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.  വന്യജീവികള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് തടയാനുള്ള വിവിധ പദ്ധതികള്‍ക്കായി  33 കോടി രൂപയാണ് ചെലവഴിച്ചത്. സൗരോര്‍ജ വേലിയും കിടങ്ങുകളും മുതല്‍ ഹാങിംങ് വേലിവരെ ഇതില്‍ പെടുന്നു. പലതും പൂര്‍ത്തിയാക്കാനായില്ല. പൂര്‍ത്തിയാക്കിയ സ്ഥലങ്ങളില്‍ ഫലവും കണ്ടില്ല. 

ഇതാണ് സര്‍ക്കാരിനെ വലക്കുന്ന പ്രശ്നം. ‌

വന്യജീവി ആക്രമണങ്ങളെ സംസ്ഥാനം നേരിടുന്ന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചെങ്കിലും ഇത് എങ്ങിനെ നേരിടണമെന്നോ ഇതന്‍റെ പിന്നിലെ പ്രധാന കാരണങ്ങള്‍ എന്തെന്നോ വനം വകുപ്പിന് പോലും വ്യക്തമല്ല. ചുരുക്കത്തില്‍  പ്രശ്നത്തിന്‍റെ ശാശ്വത പരിഹാരം വളരെ അകലെയാണെന്ന് വ്യക്തം. 

ENGLISH SUMMARY:

₹33 Crore Spent, Wildlife Attacks Persist: Government Faces Dilemma