ക്ഷേത്രത്തിലെ അന്നദാനത്തിൽ പങ്കെടുക്കാൻ പോയ 75 വയസ്സുള്ള വയോധികയെ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ അറസ്‌റ്റില്‍. കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി സുരേഷിനെയാണ് (35) അറസ്‌റ്റ് ചെയ്‌തത്‌. കൊട്ടിയത്തിന് സമീപത്തുള്ള ഒരു ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു നടത്തിയ അന്നദാനത്തിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നും ഇറങ്ങിയ വയോധികയെ വേഗത്തിൽ ക്ഷേത്രത്തിൽ എത്താനുള്ള വഴി കാട്ടിത്തരാമെന്ന് പറഞ്ഞ് സുരേഷ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. 

കണ്ണനല്ലൂരിന് സമീപത്തുള്ള ആളൊഴിഞ്ഞ വീടിൻ്റെ പുറത്തുള്ള സ്‌റ്റെയറിൽ എത്തിച്ച ശേഷം ഇയാളുടെ കൈവശമുണ്ടായിരുന്ന തോർത്ത് കൊണ്ട് വയോധികയുടെ വാ പൊത്തിപ്പിടിച്ചു. പിടിവലിക്കിടയിൽ വയോധിക ബഹളം വച്ചു. ബഹളം കേട്ട അയൽവാസികളും നാട്ടുകാരും എത്തി. തുടര്‍ന്ന് ഓടിച്ചിട്ട് പിടികൂടിയ പ്രതിയെ നാട്ടുകാർ വളഞ്ഞിട്ട് തല്ലിച്ചതച്ചു. ഇയാളുടെ തലക്കും മുഖത്തും പരുക്കുണ്ട്. വൈദ്യസഹായം ലഭ്യമാക്കിയ ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്ണനല്ലൂർ പൊലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. വയോധികയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

കണ്ണനല്ലൂർ സബ് ഇൻസ്പെക്ട‌ർ ജിബിൻ, ഗ്രേഡ് എസ്ഐ ഹരി സോമൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. 

ENGLISH SUMMARY:

35-year-old man arrested for trying to rape 75-year-old woman