‘ഒന്നു കൊല്ലയാളെ...മതി...കാണാന്‍ വയ്യ, എന്തിനാ ഇനിയും അയാളെ ജീവിക്കാന്‍ അനുവദിക്കുന്നത്? ചങ്കുപൊട്ടിക്കരയുന്ന, ജീവിതത്തില്‍ ഇനിയെന്ത് എന്ന് മുന്നോട്ട് കാണാനാവാത്ത രണ്ട് പെണ്‍മക്കളുടെ ചോദ്യമാണിത്, സമൂഹത്തോടും നിയമവ്യവസ്ഥയോടുമാണ് ഈ പെണ്‍മക്കള്‍ ചോദ്യമുയര്‍ത്തുന്നത്. അമ്മയെ കൊന്നുകൊലവിളിച്ച ക്രിമിനല്‍ ഇനി ഞങ്ങളെയും കൊല്ലുമെന്ന് അവര്‍ തീര്‍ത്തുപറഞ്ഞിട്ടും പരാതിപ്പെട്ടിട്ടും പൊലീസിനു വിശ്വാസമായില്ല, കൊലവിളി നടത്തുന്നവനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ഉപദേശിച്ച് പറഞ്ഞുവിട്ടു, അയാള്‍ പോയി ആ പെണ്‍മക്കള്‍ക്ക് സംരക്ഷകരായിരുന്ന അച്ഛനെയും മുത്തശ്ശിയെയും സമാനമായ രീതിയില്‍ ഇല്ലാതാക്കി.
ചെന്താമരയെ തൂക്കിലേറ്റണമെന്ന് നെന്‍മാറയില്‍ കൊല്ലപ്പെട്ട സുധാകരന്റെ മക്കളായ അതുല്യയും അഖിലയും മനോരമന്യൂസിനോട് പറഞ്ഞു. കേസില്‍ പ്രതി അറസ്റ്റിലായത് താല്‍ക്കാലിക ആശ്വാസം മാത്രമാണ്. ചെന്താമര വീണ്ടും പുറത്തിറങ്ങും, ജീവനുതന്നെ ഭീഷണിയാണ്. ഇങ്ങോട്ട് വരുമോ ഇങ്ങോട്ട് വരുമോ എന്ന ഭയത്തിലായിരുന്നു ഇതുവരെ കഴിഞ്ഞിരുന്നത്. അയാളെ ഒന്നു കൊന്നുതരാമോ...ഇനിയും കാണാന്‍ വയ്യ, ഞങ്ങള്‍ക്കും ഈ നാട്ടുകാര്‍ക്കും ഒരു കുഞ്ഞാശ്വാസമാവില്ലേ...എന്ന് ചോദിക്കുന്നു ഇരുവരും.
അതേസമയം നെന്‍മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ പിടികൂടിയ ശേഷം വലിയ തോതിലുള്ള പ്രതിഷേധമാണ് പൊലീസ് സ്റ്റേഷനു മുന്‍പില്‍ കാണാനായത്. 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ചെന്താമരയെ പൊലീസ് കീഴടക്കി നെന്‍മാറ സ്റ്റേഷനിലെത്തിച്ചത്. പൊലീസിന്റെ ഭാഗത്ത് വന്‍വീഴ്ച്ചയാണ് ഉണ്ടായതെന്നും പരാതി നല്‍കിയിട്ടും ഗൗരവമായെടുക്കാനോ കൊലപാതകം കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടാണ് പിടികൂടാനായതെന്നും നാട്ടുകാര്‍ പറയുന്നു. പ്രതിഷേധം കൈകാര്യം ചെയ്യാനാകാതെ പൊലീസ് ലാത്തിച്ചാര്‍ജും പെപ്പര്‍സ്പ്രേയും പ്രയോഗിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കി. പിടികൂടി സ്റ്റേഷനിലെത്തിച്ച ചെന്താമരയെ കണ്ടിട്ടേ പോകൂ എന്നും നാട്ടുകാര്‍ പറഞ്ഞു. ഗേറ്റിനുമുന്‍പില്‍ നിന്നും കടുത്ത പ്രതിഷേധം ഉയര്‍ത്തിയ നാട്ടുകാരെ അനുനയിപ്പിക്കാന്‍ പൊലീസ് ഗേറ്റിനു പുറത്തേക്കെത്തി.