AI IMAGE
പതിനൊന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയ കേസില്‍ രണ്ടാനച്ഛന് 48 വർഷം കഠിന തടവ് വിധിച്ച് നെടുമങ്ങാട് ഫാസ്റ്റ്‌ട്രാക്ക് സ്പെഷ്യൽ കോടതി. തടവിന് പുറമേ, പ്രതി രണ്ടര ലക്ഷം രൂപ പിഴയായി ഒടുക്കുകയും വേണം. മണ്ണൂർക്കര കോട്ടൂർ തടത്തരികത്ത് വീട്ടിൽ മണിക്കുട്ടൻ എന്ന എസ്. ഷിബുവാണ് (34) പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ടത്. പിഴത്തുകയായ രണ്ടര ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനാണ് കോടതി വിധിച്ചത്.
അമ്മൂമ്മയോടൊപ്പമായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. മകളെ കാണാൻ അമ്മയോടൊപ്പം ഈ വീട്ടിലെത്തിയ പ്രതി പട്ടമുണ്ടാക്കി തരാമെന്ന് പറഞ്ഞ് പറ്റിച്ചാണ് ടെറസിൽ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയത്. ടെറസിലേക്ക് വന്ന അമ്മ ഈ സംഭവം നേരിട്ട് കാണുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയുമായുള്ള ബന്ധം ഉപേക്ഷിച്ച് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.
2018ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. 24 സാക്ഷികളുള്ള കേസിൽ 20 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രോസിക്ക്യൂഷൻ 23 രേഖകളും മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കി. സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്ക്യൂട്ടർ അഡ്വ. സരിത ഷൗക്കത്ത് അലി പ്രോസിക്ക്യൂഷന് വേണ്ടി ഹാജരായി. നെടുമങ്ങാട് ഡിവൈ.എസ്.പിയായിരുന്ന ബി.അനിൽകുമാറും സി.ഐ.സുരേഷ് കുമാറുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ.