കസ്റ്റഡിയിലെടുത്ത് ജീപ്പിലേക്ക് കയറ്റാൻ ശ്രമിക്കവേ, കൈവിലങ്ങ് കൊണ്ട് എസ്.ഐയുടെയും സിവിൽ പൊലീസ് ഓഫീസറുടെയും തലയടിച്ച് പൊളിച്ച് മോഷണക്കേസ് പ്രതി. കൊല്ലം കൊട്ടിയത്താണ് സംഭവം. പുതുച്ചിറ സ്വദേശി ഗോകുലാണ് പൊലീസുകാരെ മർദിച്ചത്. കൊട്ടിയം സ്റ്റേഷനിലെ എസ്.ഐ സോമരാജൻ, ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫീസർ സന്തോഷ് ലാൽ എന്നിവർക്കാണ് പരുക്കേറ്റത്.
ഗോകുലിനെ വിലങ്ങ് വയ്ക്കുന്നതിനിടെ വിലങ്ങുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ തലയ്ക്ക് അടിക്കുകയായിരുന്നു. സി.പി.ഒ സന്തോഷ് ലാലിന്റെ തലയ്ക്ക് എട്ട് തുന്നൽ വേണ്ടി വന്നു. എസ്.ഐ.യുടെ തലയ്ക്കും ഗുരുതര പരുക്കേറ്റു. ബുധനാഴ്ച രാവിലെ ഗോകുൽ ഒരു സ്ത്രീയുടെ മാലയും മൊബൈൽ ഫോണും കവർന്നു. സ്ത്രീ കൊട്ടിയം പൊലീസിൽ പരാതി നൽകി. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതി ചെറിയേല ഭാഗത്തുണ്ടെന്ന് മനസിലായി.
തുടർന്ന് കൊട്ടിയം പൊലീസ് അവിടെ എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജീപ്പിലേക്ക് കയറ്റാൻ ശ്രമിക്കവേയാണ് ഗോകുൽ അക്രമാസക്തനായത്. വിലങ്ങുവച്ചതോടെ പൊലീസ് ഉദ്യോഗസ്ഥരുടെ തലയ്ക്ക് വിലങ്ങുകൊണ്ട് ഇടിക്കുകയായിരുന്നു. പരുക്കേറ്റെങ്കിലും പ്രതിയെ വിടാൻ പൊലീസ് തയ്യാറായില്ല. തുടർന്ന് സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസുകാരെത്തിയാണ് ഗോകുലിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.