ഐ.പി.എസുകാരനാണെന്ന് തെറ്റിധരിപ്പിച്ച്, വിവാഹത്തട്ടിപ്പ് നടത്തുന്ന മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം കാക്കഞ്ചേരി സ്കൈവ്യൂ ഹൗസിൽ കാർത്തിക് വേണുഗോപാലാണ് (31) ഇടപ്പള്ളിയിലെ മാളിൽ നിന്ന് കളമശേരി പൊലീസിന്റെ പിടിയിലായത്. 13 പൊലീസ് സ്റ്റേഷനുകളിലായി 21 കേസുകളാണ് ഇയാളുടെ പേരിലുള്ളത്.
ഐ.പി.എസുകാരനാണെന്ന് തെറ്റിധരിപ്പിച്ച്, യുവതികള്‍ക്ക് വിവാഹവാഗ്ദാനം നൽകി, പണം തട്ടിയ ശേഷം സ്ഥലം വിടുന്നയാളാണ് കാർത്തിക്. ഏറ്റവുമൊടുവിൽ തട്ടിപ്പിനിരയായത് ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതിയാണ്. ഉടന്‍ കല്യാണം നടത്താമെന്ന് പറഞ്ഞ്, യുവതിയിൽ നിന്ന് വാഹനങ്ങളും, പണവും കൈക്കലാക്കിയ കാർത്തിക് അധികം വൈകാതെ മുങ്ങി. പിന്നീട് ഫോണ്‍ വിളിച്ച് തനിക്ക് ക്യാൻസറാണെന്ന് പറഞ്ഞ് വിവാഹത്തിൽ നിന്ന് പിന്നീട് പിൻമാറി.
യുവതിയുടെയ പരാതിയിൽ ബംഗളൂരു കൊടുകോടി പൊലീസാണ് ഇയാള്‍ക്കെതിരെ ആധ്യം കേസെടുത്തത്. പ്രതി കർണാടക വിട്ട് കൊച്ചിയിലെത്തിയെന്ന് മനസിലാക്കിയ ബംഗളൂരു പൊലീസ് കേരള പൊലീസിനെ സമീപിച്ചു. അങ്ങനെയാണ് ഈ വിവാഹ തട്ടിപ്പ് വീരന്‍ പിടിയിലാകുന്നത്.
ഗുരുവായൂര്‍, നാദാപുരം, തിരുവനന്തപുരം കന്റോൺമെന്റ്, തലശേരി, എറണാകുളം സെൻട്രൽ, കിളികൊല്ലൂർ, ചിറ്റൂർ, വടകര തുടങ്ങി നിരവധി പൊലീസ് സ്റ്റേഷനുകളിലായി ഇയാളുടെ പേരില്‍ കേസുകളുണ്ട്. ഇതിന് പുറമേ കർണാടകയിലെ ജീവൻഭീമാ നഗർ, വിൽസൺ ഗാർഡൻ സ്റ്റേഷനുകളിലും കേസുണ്ട്.