പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗർഭിണിയാക്കിയ 35കാരന് 81 വർഷം കഠിനതടവ് വിധിച്ച് കാട്ടാക്കട അതിവേഗ പോക്സോ കോടതി. വട്ടപ്പാറ അഭിലാഷ് ചന്ദ്ര ഹൗസിൽ അനിൽകുമാറിനെയാണ് വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. പിഴത്തുകയായി 80,000 രൂപ അതിജീവിതയ്ക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. പിഴയൊടുക്കിയില്ലെങ്കിൽ 8 മാസം കഠിനതടവ് കൂടി അനുഭവിക്കണം.
2023 ഫെബ്രുവരി 11നാണ് ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചത്. രണ്ടാം ശനിയാഴ്ച വീട്ടിൽ കുട്ടി മാത്രമുണ്ടായിരുന്ന സമയത്താണ് പീഡിപ്പിച്ചത്. തുടർ ദിവസങ്ങളിലും ഇത് ആവർത്തിച്ചു. ആരോഗ്യ പ്രശ്നം ഉണ്ടായ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മൂന്നുമാസം ഗർഭിണിയാണെന്ന് വ്യക്തമായത്. തുടർന്ന് ഡോക്ടറാണ് നെടുമങ്ങാട് പൊലീസിൽ വിവരം അറിയിച്ചത്.
കുട്ടി പറഞ്ഞയാൾ പാരിപ്പള്ളി സ്വദേശിയായതിനാൽ, കേസ് പാരിപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റി. എന്നാൽ ഡി.എൻ.എ പരിശോധനയിൽ കുട്ടി പറഞ്ഞ ആൾ അല്ല കുറ്റം ചെയ്തതെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ തേക്കടയിലാണ് കൃത്യം നടന്നത് എന്ന് കണ്ടെത്തിയത്. വീണ്ടും കേസ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതിയുടെ ഭീഷണി പ്രകാരമാണ് കുട്ടി ആദ്യം പാരിപ്പള്ളി എന്ന് പറഞ്ഞതെന്നും അന്വേഷണത്തിൽ തെളിഞ്ഞു. അന്നത്തെ നെടുമങ്ങാട് ഇൻസ്പെക്ടർ ശ്രീകുമാരൻ നായരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.