20 കുടുംബങ്ങള്‍ കഴിയുന്ന കോളനിയിലേക്കുള്ള പൊതുവഴി അളക്കാത്തതിൽ രോഷംപൂണ്ട വീട്ടമ്മ പഞ്ചായത്ത് ഓഫീസ് അടിച്ചുതകർത്തു. കോട്ടയം അയ്മനത്താണ് സംഭവം. മുട്ടേൽ കോളനിയിലെ താമസക്കാരിയായ ശ്യാമളയാണ് അയ്മനം പഞ്ചായത്ത് ഓഫീസ് അടിച്ചുതകർത്തത്.
പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരെത്തും മുമ്പ്, രാവിലെ 9.30നായിരുന്നു സംഭവം. വീട്ടമ്മ എത്തുമ്പോള്‍, ഇലക്ട്രീഷ്യൻ മാത്രമേ ഓഫീസിലുണ്ടായിരുന്നുള്ളൂ. കടലാസിൽ പൊതിഞ്ഞു കൊണ്ടുവന്ന ഇരുമ്പുകമ്പി പുറത്തടുത്ത് സെക്രട്ടറിയുടെ ഓഫീസിന്‍റെ ചില്ലാണ് ശ്യാമള ആദ്യം അടിച്ചു പൊട്ടിച്ചത്. അതിന് ശേഷം പ്രസിഡന്‍റ് വിജി രാജേഷ്, വൈസ് പ്രസിഡന്‍റ് മനോജ് എന്നിവരുടെ ഓഫീസുകളുടെ കാബിനുകളും അടിച്ചു തകർത്തു.
വീട്ടമ്മയെ പിന്തിരിപ്പിക്കാന്‍ ഇലക്ട്രീഷ്യൻ ആവുംവിധം ശ്രമിച്ചെങ്കിലും ശ്യാമള ഓഫീസ് അടിച്ച് തകര്‍ത്തതിന് ശേഷം രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് ശേഷം, കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഹാജരായ ശ്യാമളയുടെ അറസ്റ്റ് രേഖപ്പെടുത്തി. പഞ്ചായത്ത് കമ്മിറ്റി അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
മുട്ടേൽ കോളനിയിയിലേക്കുള്ള വഴി അളക്കണം എന്ന് ആവശ്യപ്പെട്ട് ശ്യാമള പഞ്ചായത്തിൽ ഒട്ടേറെ പരാതികള്‍ നൽകിയിരുന്നു. തന്‍റെ പരാതികള്‍ കാര്യമായെടുക്കാത്തത് കൊണ്ട് തന്നെയാണ് ഓഫീസ് അടിച്ചുപൊട്ടിച്ചതെന്ന് ശ്യാമള പൊലീസിനോട് പറഞ്ഞു. പഞ്ചായത്തിന്‍റെ പ്രവർത്തനമാകെ മോശമാണെന്നാണ് ശ്യാമളയുടെ ആരോപണം.