afan-mother-statement

 വെഞ്ഞാറമൂട് കൂട്ടക്കൊലക്കസ് പ്രതി അഫാന്‍ തന്നെയാണ് തന്നെ ആക്രമിച്ചതെന്ന് ഉമ്മയുടെ മൊഴി. താന്‍ കട്ടിലില്‍ നിന്നുവീണാണ് പരുക്കേറ്റതെന്നായിരുന്നു അഫാന്റെ ഉമ്മ ഷെമീന ഇതുവരെ പൊലീസിനോടും ഭര്‍ത്താവിനോടും പറഞ്ഞിരുന്നത്. ഇതിനുമുമ്പൊരിക്കലും അഫാന്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും ഷെമീന പറഞ്ഞു. ഉമ്മച്ചി ക്ഷമിക്കണമെന്ന് അഫാന്‍ പറഞ്ഞതായും ക്ഷമിച്ചു മക്കളേയെന്ന് തിരിച്ചുപറഞ്ഞെന്നും അതിനു ശേഷം കഴുത്തിൽ ഷാൾ കുരുക്കി നിലത്തടിക്കുകയായിരുന്നുവെന്നുമാണ് മൊഴി.

കുടുംബം കൂട്ട ആത്മഹത്യക്ക് ആലോചിച്ചിരുന്നുവെന്നും ഇളയ മകനൊപ്പം ആത്മഹത്യാ വീഡിയോകൾ കണ്ടിരുന്നുവെന്നും ഷെമീന പറഞ്ഞു. കൂട്ടക്കൊലപാതകത്തിന്‍റെ തലേദിവസം അഫാനും ഷെമീനയും കൂടി തട്ടത്തുമലയിലുള്ള ബന്ധുവിൻ്റെ വീട്ടിലെത്തി 50,000 രൂപ കടം ചോദിച്ചിട്ട് ബന്ധുക്കൾ നൽകിയില്ലെന്നും ഇതാണ് കൊലപാതകത്തിന് പെട്ടെന്നുള്ള പ്രകോപനമായതെന്നും പ്രതി അഫാന്‍റെ ഉമ്മ ഷെമീന മൊഴി നൽകി. ബോധം വന്നപ്പോൾ പൊലീസുകാർ ജനൽ തകർക്കുന്നതാണ് കണ്ടതെന്നും ഷെമി പറഞ്ഞു. വെഞ്ഞാറമൂട് സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ വച്ച് കിളിമാനൂർ സി ഐ ബി ജയൻ ഇന്നലെ വൈകുന്നേരം മൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് ഷെമി അഫാനെതിരെ മൊഴി നല്‍കിയത്.

അതേസമയം തന്നെ അഫാനെ ജയിലില്‍ നിന്നിറക്കാന്‍ സഹായിക്കണമെന്നും തന്റെ ഇളയമകന്‍ പോയെന്നും ഇനി മൂത്തമകനേയുള്ളൂവെന്നും ഷെമി പറഞ്ഞു. അവനെ പ്രതീക്ഷിച്ചാണ് ജീവിക്കുന്നതെന്നും ഷെമി പൊലീസിനോട് പറഞ്ഞു. അനുജനേയും മുത്തശ്ശിയേയും അച്ഛന്റെ ചേട്ടനെയും ഭാര്യയേയും കാമുകിയേയുമാണ് അഫാന്‍ കൊലപ്പെടുത്തിയത്.