ബെഡ്റൂമിൽ കട്ടിലിനോട് ചേർന്നുള്ള തറയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മദ്ധ്യവയസ്കയുടെ മരണം കൊലപാതകം. സംഭവത്തില്‍, ഭർത്താവ് കെ. വിധുവിനെ (65) പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഉള്ളൂരാണ് സംഭവം. മദ്ധ്യവയസ്കയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ദുരൂഹതയാണ് അന്വേഷണത്തിന് വഴിവെച്ചത്. മെഡി. കോളജ് പൊലീസ് നടത്തിയ അന്വേഷണം ചെന്നുനിന്നത് ഇവരുടെ ഭര്‍ത്താവിലായിരുന്നു.
കഴിഞ്ഞ സെപ്തംബർ 26ന് രാത്രി എട്ടരയോടെ കിംസ് ആശുപത്രിക്ക് സമീപമുള്ള വീട്ടിലെ ഷീലയെ (58) ബെഡ്റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് വിധു തന്നെയാണ് നിലവിളിച്ച് ആളെക്കൂട്ടി, ഷീലയെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാര്‍ ഷീലയുടെ മരണം സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണവും തുടങ്ങി.
കഴുത്തിൽ ഷാൾ മുറുകിയതിലുണ്ടായ മുറിവും, ശ്വാസം മുട്ടലുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നു. ഇതിന്‍റെ ചുവട് പിടിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഭർത്താവ് വിധുവിലേക്ക് എത്തിയത്. നാല് വർഷമായി അസുഖബാധിതയായ ഭാര്യയെ ഇയാൾ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് മക്കളെ ചോദ്യം ചെയ്തതിപ്പോള്‍ മനസിലായി. തെളിവുകൾ ശേഖരിച്ചശേഷം നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മെഡിക്കൽ കോളേജ് സി.ഐ.ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കുടുക്കിയത്.