തെന്മലയിലെ ഉള്‍വനത്തില്‍ നിന്ന് ചന്ദനമരങ്ങൾ മുറിച്ചുകടത്തിയ തമിഴ്നാട് സ്വാദേശികൾ കുടുങ്ങി. കൊടുംകാട്ടില്‍ ക്യാമറയുണ്ടെന്ന് അറിയാതെയാണ് ആര്യങ്കാവ് കടമാൻപാറയിലെ സംരക്ഷണ മേഖലയില്‍ കയറിയ യുവാക്കള്‍ ദിവസങ്ങളോളം അവിടെ തങ്ങി മരങ്ങള്‍ മുറിച്ച് കടത്തിയത്. ചെങ്കോട്ട കർക്കുടി അണ്ണാ തെരുവ് സ്വദേശികളായ അജിത്ത് കുമാർ (22), കുമാർ (35), മണികണ്ഠൻ (27) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 17നാണ് ഇവർ ചന്ദന മരങ്ങൾ മുറിച്ചുകടത്തിയത്. ഉള്‍വനത്തില്‍ പലയിടത്തും വലിയ ചന്ദന മരങ്ങള്‍ മിസ്സിങ്ങാണെന്ന് മനസിലാക്കിയ വനപാലകര്‍ വനത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറ പരിശോധിച്ചപ്പോഴാണ് പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചത്. തുടര്‍ന്ന് തെന്മല ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഷാനവാസിന്റെ നേതൃത്വത്തിൽ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ ചെങ്കോട്ട കർക്കുടി അണ്ണാമലൈ തെരുവിൽ നിന്ന് പൊക്കുകയായിരുന്നു.
വെട്ടിയ ചന്ദനമരങ്ങളിൽ രണ്ടെണ്ണം വനത്തിൽ ഉപേക്ഷിച്ചെന്ന് പ്രതികൾ വെളിപ്പെടുത്തി. ഒരെണ്ണം പിന്നീട് വന്ന് എടുക്കാനായി വനത്തിൽ തന്നെ കുഴിയെടുത്ത് സേഫായി മൂടി. വെട്ടി കഷണങ്ങളാക്കി തമിഴ്നാട്ടിലേക്ക് കടത്തിക്കൊണ്ടു പോയ മരങ്ങളുടെ കുറച്ച് ഭാഗം കണ്ടെടുത്തു. വനത്തിൽ കുഴിച്ചിട്ട മരവും മുറിക്കാൻ ഉപയോഗിച്ച ആയുധങ്ങളും തെളിവെടുപ്പിൽ പ്രതികള്‍ കാട്ടിക്കൊടുത്തു.
കോട്ടവാസൽ വഴി വനത്തിലൂടെ നടന്ന്, ശെന്തുരുണി നദി നീന്തിക്കടന്നാണ് മോഷ്ടാക്കൾ കടമാൻപാറയിലെത്തിയിരുന്നത്. ആര്യങ്കാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ സനോജ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ വിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.