കൊച്ചിയില്‍ സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കടക്കം രാസലഹരി വിതരണം ചെയ്തിരുന്ന തുമ്പിപെണ്ണിനെയും കൂട്ടാളിയെയും പത്ത് വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് കോടതി. കലൂര്‍ സ്റ്റേഡിയം പരിസരത്തു നിന്ന് എംഡിഎംഎയുമായി എക്സൈസ് പിടികൂടിയ കേസിലാണ് നിര്‍ണായക വിധി. കേസില്‍ രണ്ട് പ്രതികളെ വെറുതെ വിട്ടു.
ലഹരിവിതരണകാര്‍ക്കിടയില്‍ തുമ്പിപ്പെണ്ണെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചിങ്ങവനം സ്വദേശി സൂസിമോള്‍ സണ്ണി, ചെങ്ങമനാട് സ്വദേശി അമീര്‍ സുഹൈല്‍ എന്നിവരെയാണ് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഏഴ് ശിക്ഷിച്ചത്. 2023 ഒക്ടോബർ പതിമൂന്നിന് രാത്രിയാണ് കലൂര്‍ സ്റ്റേഡിയം പരിസരത്തു നിന്ന് നാലംഗ സംഘം എക്സൈസിന്‍റെ പിടിയിലായത്. ഇവരുടെ കാറില്‍ നിന്ന് കണ്ടെത്തിയത് ലക്ഷങ്ങള്‍ വിലയുള്ള 329 ഗ്രാം എംഡിഎംഎ. തുമ്പിപ്പെണ്ണിനും അമീറിനുമൊപ്പം പുതുവൈപ്പ് സ്വദേശി അജലും, എല്‍റോയ് വര്‍ഗീസും പിടിയിലായി.
കേസില്‍ ഒന്നരവര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കിയാണ് ശിക്ഷ വിധിച്ചത്. ലഹരിയിടപാടുകാര്‍ക്ക് പരമവാധി ശിക്ഷ വാങ്ങിനല്‍കാന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തിലാണ് എക്സൈസ്.
കൊച്ചിയില്‍ മുഖ്യ ലഹരിവിതരണക്കാരില്‍ ഒരാളാണ് ശിക്ഷിക്കപ്പെട്ട തുമ്പിപ്പെണ്ണ്. രാത്രിയില്‍ ഇരുചക്രവാഹനത്തിലെത്തിയായിരുന്നു ലഹരിവിതരണം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന രാസലഹരിമരുന്ന് അരഗ്രാമിന് മുവായിരം രൂപ മുതല്‍ വിലയീടാക്കിയായിരുന്നു വില്‍പന. ഹിമാചലില്‍ നിന്നെത്തിച്ച ലഹരിമരുന്ന് ഏജന്‍റുമാര്‍ക്ക് കൈമാറാനായി എത്തിയപ്പോളാണ് എക്സൈസിന്‍റെ പിടിയിലായത്. കാറില്‍ പല ബാഗുകളിലായാണ് എം.ഡി.എം.എ. സൂക്ഷിച്ചിരുന്നത്. എറണാകുളം എക്സൈസ് എൻഫോഴ്സസ്മെന്റ് ആന്‍ഡ് ആൻറി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി.പ്രമോദും സംഘവുമാണ് പ്രതികളെ പിടികൂടിയത്.