പൊലീസിന്‍റെ കസ്റ്റഡിയിൽ നിന്ന് ചാടിയ വടിവാൾ വിനീത് തൃശൂർ വടക്കാഞ്ചേരിയിൽ നിന്ന് കടന്നത് മോഷ്ടിച്ച ബൈക്കിൽ. താക്കോൽ സഹിതം ടാങ്ക് നിറയെ പെട്രോളുമായി വീട്ടുമുറ്റത്തുണ്ടായിരുന്ന ബൈക്കാണ് വിനീത് തട്ടിയെടുത്തത്.
കേരളം കണ്ട അപകടകാരിയായ മോഷ്ടാവാണ് ആലപ്പുഴക്കാരൻ വടിവാൾ വിനീത് . ബൈക്ക് മോഷ്ടിച്ച കേസിൽ വടക്കാഞ്ചേരിയിലെ കോടതിയിൽ ഹാജരാക്കാൻ വിനീതിനെയും കൂട്ടാളി ശരത്തിനെയും പൊലീസ് എത്തിച്ചു. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ ഉടനെ ഉദ്യോഗസ്ഥരെ തള്ളിയിട്ട് ഇരുവരും രക്ഷപ്പെട്ടു. രാഹുലിനെ വൈകിട്ട് തന്നെ അകമ്പാടത്തു നിന്ന് പിടികൂടി . അപ്പോഴും വിനീതിനെ പിടികൂടാനായില്ല. വിനീതിനെ പിടികൂടാനുള്ള തിരച്ചിൽ തുടരുന്നതിനിടെ ബൈക്ക് മോഷണത്തിന്‍റെ വാർത്ത വടക്കാഞ്ചേരി സ്റ്റേഷനിൽ എത്തി. ബൈക്ക് ഉടമ കുമ്പളങ്ങാട് സ്വദേശി ശരത്ത് പൊലീസിന് പരാതി നൽകി. വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കിൽ താക്കോൽ വച്ചിരുന്നു . വണ്ടിയുടെ ടാങ്കിൽ 9 ലിറ്റർ പെട്രോളും. 200 കിലോമീറ്റർ യാത്ര ചെയ്യാനുള്ള ഇന്ധനം ബൈക്കിലുണ്ട്. വിനീത് ഈ ബൈക്കിൽ കേരളം വിട്ടിരിക്കാൻ ആണ് സാധ്യത.
വിനീതിനെയും രാഹുലിനെയും മാർച്ച് 3 ആലപ്പുഴ പോലീസ് പിടികൂടിയിരുന്നു. ആലപ്പുഴയിലെ ജയിലിൽ റിമാൻഡിൽ ആയിരുന്നു. വിനീതിനെ നേരത്തെ കൊല്ലത്ത് പിടികൂടിയതും ഏറെ സാഹസികമായാണ്. ബൈക്ക് മോഷണം ഉൾപ്പെടെ 60 കേസുകളിലെ പ്രതിയാണ് വിനീത്.