കോഴിക്കോട് ലഹരിക്കടത്തും വിൽപ്പനയും തടയാനായി പരിശോധന കടുപ്പിച്ച് എക്സൈസും പൊലീസും. ജില്ലയിൽ ഈ മാസം ഇതുവരെ എക്സൈസ് റജിസ്റ്റർ ചെയ്തത് 58 കേസുകളാണ്. നൂറിലധികം കേസുകൾ പൊലീസും റജിസ്റ്റർ ചെയ്തു.
48 ലഹരി സ്പോട്ടുകൾ ജില്ലയില്‍ ഉണ്ടെന്നാണ് എക്സൈസിന്‍റെ കണ്ടത്തിൽ. ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസും എക്സൈസും സംയുക്തമായി പരിശോധനകൾ നടത്തുന്നത്. ഡ്രോണിന്‍റെ സഹായവും തേടിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ എക്സൈസ് നടത്തിയ പരിശോധനയിൽ 11 കിലോ കഞ്ചാവും 61 ഗ്രാം എംഡിഎംഎ യും പിടിച്ചെടുത്തു. പൊലീസും ഡാൻസാഫും നടത്തിയ പരിശോധനയിൽ 30 കിലോ കഞ്ചാവും, 74 ഗ്രാം എംഡിഎം എ യുമാണ് കണ്ടെടുത്തത്.
അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങളും, ചെറുകിട ഹോട്ടലുകള്‍, പെട്ടിക്കടകൾ തുടങ്ങിയ സ്ഥലങ്ങളും കേന്ദ്രീകരിച്ചാണു പരിശോധന തുടരുന്നത്. ലഹരി മരുന്ന് കണ്ടെത്താൻ പരിശീലനംലഭിച്ച ഡോഗ് സ്ക്വാഡിലെ നായ്ക്കളുടെ സഹായത്തോടെ ദിനംപ്രതി പരിശോധന നടത്തുന്നുണ്ട്.