ci-notice

TOPICS COVERED

മോഹന്‍ലാലിനൊപ്പം ശബരിമല കയറി കാരണം നോട്ടിസ് ഏറ്റുവാങ്ങിയ മോഹന്‍ലാല്‍ ആരാധകനായ സി.ഐ.ഇനിയും വിശദീകരണം നല്‍കിയില്ല.തിരുവല്ല സിഐ ആയിരുന്ന സുനില്‍ കൃഷ്ണയാണ് മോഹന്‍ലാലിനൊപ്പം ഇരുമുടി എടുത്ത് മലകയറിയത്.മോഹന്‍ ലാലിനൊപ്പം പോയതിനല്ല, അധികാര പരിധിക്ക് പുറത്ത് മേലുദ്യോഗസ്ഥരെ അറിയിക്കാതെ വിഐപിക്കൊപ്പം പോയതിനാണ് നോട്ടിസ്. തിരുവല്ലയില്‍ നിന്ന് പത്തനംതിട്ടയ്ക്ക് സ്ഥലംമാറ്റം ആയതിനാലാണ് മറുപടി വൈകുന്നതെന്നാണ് അറിയിപ്പ്.

മോഹന്‍ലാലിനെ സൈബര്‍ ഇടത്തില്‍ ആക്ഷേപിച്ച ചെകുത്താനെന്ന അജുവര്‍ഗീസിനെ അറസ്റ്റ് ചെയ്താണ് സുനില്‍ കൃഷ്ണയും മോഹന്‍ലാലും സുഹൃത്തുക്കളായത്.കടുത്ത മോഹന്‍ലാല്‍ ആരാധകനാണ് സുനില്‍ കൃഷ്ണ.കഴിഞ്ഞ പതിനെട്ടിനാണ് എമ്പുരാന്‍ റിലീസിന് മുമ്പ് മോഹന്‍ലാല്‍ ശബരിമല കയറിയതും സി.ഐ.അകമ്പടി പോയതും.

ശബരിമലയ്ക്ക് പോകാന്‍ ആഗ്രഹമെന്ന് പറഞ്ഞാണ് സി.ഐ.സുനില്‍കൃഷ്ണ ഡിവൈഎസ്പിയോട് അനുമതി വാങ്ങിയത്.മോഹന്‍ലാന്‍ പമ്പയില്‍ നിന്ന് ഇരുമുടി എടുത്ത് മലകയറുന്ന വാര്‍ത്ത കണ്ടാണ് മേലധികാരികള്‍ ഞെട്ടിയത്.ഇരുമുടി എടുത്ത് മോഹന്‍ലാലിന്‍റെ വലംകയ്യായി മലകയറുന്നത് തിരുവല്ല സി.ഐ.സുനില്‍ കൃഷ്ണ. ഇതോടെയാണ് പത്തനംതിട്ട എസ്പിയുടെ നിര്‍ദേശ പ്രകാരം തിരുവല്ല ഡിവൈഎസ്പി നോട്ടിസ് നല്‍കിയത്.

മോഹന്‍ലാലിനൊപ്പം മലകയറിയതിനല്ല നോട്ടിസെന്നും അറിയിക്കാതെ വിഐപിക്കൊപ്പം പോയതിനാണെന്നുമാണ് മേലുദ്യോഗസ്ഥരുടെ വിശദീകരണം.പൊലീസിന്‍റെ കീഴ്‌വഴക്ക പ്രകാരം മേലധികാരിയെ അറിയിക്കാതെ അധികാരപരിധിക്ക് പുറത്ത് ഏത് വിഐപിക്കൊപ്പം പോയാലും നോട്ടിസ് നല്‍കും.മോഹന്‍ലാലിനോപ്പം പോയതിനല്ല സ്ഥലം മാറ്റം എന്നും, മലകയറും മുന്‍പ് തന്നെ സുനില്‍ കൃഷ്ണനുള്ള സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയിരുന്നു എന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.