ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത്, വിസ നൽകാമെന്ന് പറഞ്ഞ് 58,200 രൂപ തട്ടിയയാള്‍ അറസ്റ്റില്‍. കാസർകോട് സ്വദേശി ഹസ്ബുള്ളയെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് പിടികൂടിയത്. വിഴിഞ്ഞം സ്വദേശി അക്ബർഷായ്ക്കും സുഹൃത്തിനും ഒമാനിൽ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ്, 58,200 രൂപ കബളിപ്പിച്ചതായാണ് പരാതി.
കേരളത്തിൽ പലസ്ഥലങ്ങളിലും നിരവധി പേരെ ഇയാള്‍ കബളിപ്പിച്ചിട്ടുണ്ട്. വിദേശത്തേക്ക് വിസ നൽകാമെന്ന് പറഞ്ഞ് 50,000 രൂപ വീതം നൂറിലധികം പേരിൽ നിന്നായി ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കൂടുതലും സ്ത്രീകളാണ് കബളിപ്പിക്കപ്പെടലിനിരയായത്. മാന്യമായി വസ്ത്രം ധരിച്ച് വീടുകളിലെത്തി സംസാരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.
റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങുകയും, ട്രെയിനിൽ മാത്രം സഞ്ചരിക്കുകയും ചെയ്തിരുന്നതിനാൽ ഇയാളെ കണ്ടെത്തുന്നത് പൊലീസിന് ബുദ്ധിമുട്ടുണ്ടാക്കി. മാസങ്ങളുടെ നിരീക്ഷണത്തിന് ശേഷമാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇയാളെ പിടികൂടിയത്. വിഴിഞ്ഞം എസ്.എച്ച്.ഒ ആർ.പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കുടുക്കിയത്.