കേരളത്തിൽ മോഷണം നടത്തിയ കുറുവാ സംഘത്തിലെ അവസാന കണ്ണിയും അറസ്റ്റിൽ. തമിഴ്നാട് കമ്പം സ്വദേശി കട്ടുപൂച്ചനെയാണ് തമിഴ്നാട് രാമനാഥപുരത്ത് ഒളിവിൽ കഴിയുന്നതിനിടെ ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്. കേരളത്തിലും തമിഴ്നാട്ടിലും ഇയാൾക്കെതിരെ കവർച്ച കേസുകളുണ്ട്.
കഴിഞ്ഞ ഒക്ടോബർ 29 ന് പുലർച്ചെ മണ്ണഞ്ചേരി നേതാജിയിലെ ഒരു വീട്ടിൽ അടുക്കള വാതിൽ കുത്തിത്തുറന്ന് കവർച്ചാ ശ്രമം നടന്നതോടെയാണ് ആലപ്പുഴയിൽ കുറുവാ സംഘത്തിന്റെ സാന്നിധ്യം പൊലീസ് തിരിച്ചറിയുന്നത്. തൊട്ടടുത്ത ദിവസങ്ങളിൽ മണ്ണഞ്ചേരി കോമളപുരം, പുന്നപ്ര എന്നിവിടങ്ങളിൽ കവർച്ചയും കവർച്ചാ ശ്രമവും നടന്നു. പലയിടങ്ങളിലും ഭീതി പരത്തി കുറുവാ സംഘമെത്തി. പുലർച്ചെ 12.30 നും 3 നും ഇടയിലായിരുന്നു മോഷണങ്ങൾ. പലയിടത്തു നിന്നും പൊലീസിന് അർദ്ധനഗ്നരായി മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.
സംഘത്തിലെ പ്രധാനി സന്തോഷ് ശെൽവനെ നവംബർ 16ന് കൊച്ചി കുണ്ടന്നൂർ പാലത്തിനടിയിലെ താവളത്തിൽ നിന്ന് മണ്ണഞ്ചേരി പൊലീസ് പിടികൂടി. ഇയാളുടെ സംഘാങ്ങൾക്കായി നടത്തിയ തെരച്ചിലിൽ ഇടുക്കിയിലെ രാജകുമാരിയിൽ നിന്നും തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളികളായ കുറുവാ സംഘാംഗങ്ങൾ കറുപ്പയ്യയും നാഗരാജും പിടിയിലായി. മണ്ണഞ്ചേരി പോലീസ് പിടികൂടിയ പ്രതികളെ പിന്നീട് തമിഴ്നാട് പോലീസിന് കൈമാറി. ആലപ്പുഴയിൽ പലയിടങ്ങളിലും നടന്ന മോഷണങ്ങളിൽ കറുപ്പയ്യയ്ക്കും നാഗരാജയ്ക്കും പങ്കുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.
കുറുവ സംഘത്തെ പിടികൂടുന്നതിനായി ആലപ്പുഴ ജില്ലാ പൊലീസ് മേധാവി നിയോഗിച്ച പ്രത്യേക സംഘമാണ് കേരളത്തിൽ റജിസ്റ്റർ ചെയ്ത കുറുവ കവർച്ച കേസിലെ അവസാന കണ്ണിയായ കട്ടുപൂച്ചനെ തമിഴ്നാട് രാമനാഥപുരത്ത് നിന്ന് സാഹസികമായി പിടികൂടിയത്. പുന്നപ്രയിൽ വീട് കയറി സ്വർണം കവർന്നകേസിലാണ് അറസ്റ്റ്.
2012 ൽ മാരാരിക്കുളത്ത് അമ്മയും മകളും തനിച്ച് താമസിച്ചിരുന്ന വീട്ടിൽ കയറി അവരെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ കട്ടുപൂച്ചനെ 18 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു എന്നാൽ കോവിഡ് കാലത്ത് ശിക്ഷയിൽ ഇളവ് നൽകി വിട്ടയച്ചു. തുടർന്നാണ് വീണ്ടും ഇയാൾ കേരളത്തിൽ എത്തിയത്. കേരളത്തിൽ മറ്റിടങ്ങളിലും തമിഴ്നാട്ടിലും കട്ടുപൂച്ചനെതിരെ നിരവധി കേസുകൾ ഉണ്ടെന്നും പൊലീസ് അറിയിച്ചു. ആലപ്പുഴയിലെ വിവിധ കേസുകളിൽ പിടിയിലായ കുറുവാ സംഘാംഗങ്ങൾ നിലവിൽ റിമാൻഡിലാണ്