ഏഴ് വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 46കാരന് 19 വർഷം കഠിനതടവും 2.5 ലക്ഷം പിഴയും ശിക്ഷ വിധിച്ച് ചാവക്കാട് അതിവേഗ സ്‌പെഷ്യൽ കോടതി. പിഴ അടച്ചില്ലെങ്കില്‍, 10 മാസം കൂടി അധികതടവ് അനുഭവിക്കണം. കടപ്പുറം അഞ്ചങ്ങാടി ചാലിൽ ഹൈദരാലിയെയാണ് (46) ചാവക്കാട് അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.
2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ കളിക്കാനായി ചെന്നപ്പോൾ പ്രതിയുടെ വീട്ടിൽ വെച്ചും, മൂന്നാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അതിജീവിതയുടെ വീട്ടിൽ മുറിയിലും ഹാളിലും വെച്ചും ലൈംഗിക പീഡനം നടത്തിയെന്നാണ് കേസ്. പിന്നീട് യത്തീംഖാനയിൽ താമസിച്ച് പഠിക്കാനായി പോയ കുട്ടി വിഷമിച്ചിരിക്കുന്നത് കണ്ട് ടീച്ചർ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് വിവരം പറയുന്നത്. തുടര്‍ന്ന് കുട്ടിയുടെ ഉമ്മയെ വിവരമറിയിക്കുകയുമായിരുന്നു. പിതാവ് ഉപേക്ഷിച്ചുപോയ കുട്ടി പീഡന സമയത്ത് ഉമ്മയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്.
ചാവക്കാട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് എസ്.സി.പി.ഒ ഷൗജത്ത് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി. എസ്.ഐ സെസിൽ ക്രിസ്റ്റ്യൻ രാജ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടത്തി. എസ്.എച്ച്.ഒ വിപിൻ കെ.വേണുഗോപാൽ തുടരന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 13 സാക്ഷികളെയാണ് വിസ്തരിച്ചത്.