ബാങ്ക് ജപ്തി ചെയ്ത വീട്ടിനോട് ചേർന്നുള്ള ചായ്പിൽ വീട്ടുടമസ്ഥനായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പുന്നപ്രയിലാണ് സംഭവം. അനിലൻ - ഉഷ ദമ്പതികളുടെ മകൻ പ്രഭുലാല്‍ (38) ആണ് മരിച്ചത്.
കേരള ബാങ്ക് പുന്നപ്ര ശാഖയിൽ നിന്ന് വീട് നിർമ്മാണത്തിനായി പ്രഭുലാലിന്റെ പേരിൽ 2018ലാണ് ലോണ്‍ എടുത്തത്. 3 ലക്ഷം രൂപയുടെ വായ്പ കുടിശികയായതോടെ, പ്രഭുലാലും അച്ഛനും അമ്മയും കഴിഞ്ഞിരുന്ന വീട് മാർച്ച് 24ന് ബാങ്ക് സീൽ ചെയ്യുകയായിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്ന് സംശയമുണ്ടെന്നും, ജീവനൊടുക്കിയതിന്‍റെ ലക്ഷണം കാണാനില്ലെന്നും പൊലീസ് പറഞ്ഞു.
നിർമ്മാണത്തൊഴിലാളിയായിരുന്ന പ്രഭുലാല്‍, ഏഴുവർഷം മുമ്പ്, ജോലിക്കിടെ വീടിന് മുകളിൽ നിന്ന് വീണ് പരുക്കേറ്റിരുന്നു. ജോലിക്ക് പോകാന്‍ കഴിയാതെ വന്നതോടെയാണ് വായ്പയുടെ തിരിച്ചടവ് മുടങ്ങിയത്. അങ്ങനെ അഞ്ചരലക്ഷം രൂപയാണ് കുടിശികയായത്. തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് ഇയാളെ മരിച്ച നിലയിൽ കാണപ്പെട്ടത്.
സുദർശി, ശ്രീഹരി എന്നിവര്‍ പ്രഭുലാലിന്‍റെ സഹോദരങ്ങളാണ്. തിരിച്ചടവിന്റെ സമയപരിധി പിന്നിട്ട സാഹചര്യത്തിലാണ് സർഫാസി ആക്ട് പ്രകാരം നടപടിക്ക് നിർബന്ധിതരായതെന്ന് ബാങ്കിന്റെ വിശദീകരണം.