ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴിയിൽ പറഞ്ഞ സിനിമാ മേഖലയിൽ ഉള്ളവരിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ തേടും. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരടക്കമുള്ളവർക്ക് വിശദാംശങ്ങൾ ആവശ്യപ്പെട്ട് വൈകാതെ നോട്ടിസ് നൽകും. ഇരുവർക്കും ലഹരി മരുന്നുകൾ കൈമാറിയിട്ടുണ്ടെന്നും ഒന്നിച്ചിരുന്ന് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും പിടിയിലായ തസ്ലീമ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ഇവരടക്കം സിനിമ മേഖലയിലുള്ളവരുമായുള്ള സാമ്പത്തിക ഇടപാടുകളുടെ ഡിജിറ്റൽ തെളിവുകളും ലഭിച്ചിട്ടുണ്ട്.

സിനിമാമേഖലയിലെ പലരുമായുള്ള ചാറ്റുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു. പലസിനിമകളിലും എകസ്ട്രാനടിയായി എത്തിയതിലൂടെ ഉണ്ടാക്കിയ പരിചയമാണ് താരങ്ങളുമായുള്ള തസ്ലീമയുടെ ബന്ധത്തിന് അടിസ്ഥാനം. കണ്ണൂര്‍ സ്വദേശിയായ ക്രിസ്റ്റിനയെന്ന തസ്‌ലിമ സുല്‍ത്താന തമിഴ് സിനിമകളിലും എക്സ്ട്രാ നടിയായും സ്ക്രിപ്റ്റ് പരിഭാഷകയായും പ്രവര്‍ത്തിച്ചിട്ടുണ്ട് . ഈ ബന്ധമുപയോഗിച്ചാണ് തസ്‌ലിമ മലയാള സിനിമാക്കാരുമായി അടുത്തത്. ഇതോടെ പ്രവര്‍ത്തനമേഖല കൊച്ചിയിലേക്ക് മാറ്റി.

രണ്ടോ മൂന്നോ മലയാളം സിനിമകളിലും മുഖം കാണിച്ചു. തൃക്കാക്കര കേന്ദ്രീകരിച്ചായിരുന്നു കൊച്ചിയിലെ തസ്ലീമയുടെ പ്രവര്‍ത്തനം. എന്നാല്‍ ലഹരിമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായതോടെ വീണ്ടും തമിഴ്നാട്ടിലേക്ക് കളംമാറ്റി. എങ്കിലും ലഹരി ഇടപാട് കേരളത്തിലും അതിര്‍ത്തികളിലുമായി തുടര്‍ന്നു. തമിഴ്നാട് തിരുവള്ളൂര്‍ ഉലകനാഥപുരം ഫോര്‍ത്ത് സ്ട്രീറ്റില്‍ താമസിക്കുന്ന തസ്‌ലീമയെയും കൂട്ടാളി ഫിറോസിനേയും ലഹരി ഇടപാട് നടത്തുന്നതിനിടെയാണ് പിടികൂടുന്നത്. ബാഗില്‍ സൂക്ഷിച്ച മൂന്ന് പൊതികളിലായാണ് കഞ്ചാവ് കരുതിയിരുന്നത്. ഗ്രാമിന് പതിനായിരം രൂപവരെവിലയുള്ള കനാബി സിന്‍സിക്ക, കനാബി സറ്റീവ എന്നീ ഇനം കഞ്ചാവാണ് പിടികൂടിയത്. മണിക്കൂറുകളോളം ഉന്‍മാദം കിട്ടുന്നയിനമാണിത്.

നടന്‍മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിയ്ക്കും ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും നല്‍കിയിട്ടുണ്ടെന്ന് തസ്‌ലീമ എക്സൈസിന് മൊഴി നല്‍കി. ഡിജിറ്റല്‍ തെളിവുകളെല്ലാം പരിശോധിച്ച ശേഷമാണ് നടന്‍മാര്‍ക്ക് നോട്ടീസ് നല്‍കുക. ഫോണ്‍  പരിശോധിച്ചപ്പോള്‍ നടന്‍മാരുടെയും നടിമാരുടേയും ഫോണ്‍ നമ്പറുകള്‍ കണ്ടെത്തിയിട്ടുണ്ട്, അതോടൊപ്പം പല വാട്സാപ് ചാറ്റുകളും ഇവര്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വരുമ്പോഴാണ് ഇവരെ പിടികൂടിയത്. എന്നാല്‍ ഭര്‍ത്താവിനോ മക്കള്‍ക്കോ ഇവരുടെ കൈവശം കഞ്ചാവ് ഉള്ളതിനെക്കുറിച്ച് അറിവില്ലായിരുന്നു. ഡ്രൈവറായി ഒപ്പംവന്ന ഫിറോസിനും തസ്‌ലീമയ്ക്കും മാത്രമായിരുന്നു ഇടപാടിനെക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. 

ENGLISH SUMMARY:

Taslima's experience as an extra actor in films helped her get closer to the film industry. Hailing from Kannur, Taslima Sultana, also known as Christina, worked as an extra actor and script translator in Tamil cinema.