എസ്ഡിപിഐ സംസ്ഥാന നേതാവിന് പൊലീസ് കാന്‍റീന്‍ കാര്‍ഡ് നല്‍കിയ പെരുമ്പാവൂരിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. എഎസ്ഐ സലിമിനെതിരെയാണ് റൂറല്‍ എസ്പി വൈഭവ് സക്സേനയുടെ നടപടി. തനിക്ക് ടിവി വാങ്ങാന്‍ സലിമിന്‍റെ സഹോദരനാണ് കാര്‍ഡ് ഉപയോഗിച്ചതെന്നാണ് എസ്ഡിപിഐ നേതാവിന്‍റെ വിശദീകരണം.
ഇന്നലെ പെരുമ്പാവൂര്‍ പൊലീസ് കാന്‍റീനിലാണ് സലിമിന്‍റെ കാര്‍ഡുമായി എസ്ഡിപിഐ സംസ്ഥാന സമിതി അംഗം വി.കെ. ഷൗക്കത്തലിയും കൂട്ടരും എത്തിയത്. ടിവി വാങ്ങി പുറത്തിറങ്ങിയതിന് പിന്നാലെ ഷൗക്കത്തലിയെ അവിടെയുണ്ടായിരുന്ന പൊലീസുകാരന്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എഎസ്ഐ സലിമിന്‍റെ കാര്‍ഡ് ഉപയോഗിച്ചാണ് ടിവി വാങ്ങിയതെന്ന് കണ്ടെത്തിയത്. കൂട്ടത്തില്‍ സലിം ഉണ്ടായിരുന്നില്ല. പൊലീസുദ്യോഗസ്ഥർക്കും കുടുംബത്തിനും മാത്രമാണ് പൊലീസ് കാന്‍റീനില്‍ നിന്ന് വീട്ടുസാധനങ്ങൾ വാങ്ങാൻ അനുമതിയുള്ളൂ. കാര്‍ഡിന്‍റെ ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സലിമിനെതിരായ നടപടി. കാര്‍ഡ് ഉപയോഗിച്ചത് താനല്ല എഎസ്ഐയുടെ സഹോദരനാണെന്ന് വിശദീകരിക്കുന്നു എസ് ഡിപിഐ നേതാവ്. സലിമിന്‍റെ സഹോദരന്‍ സുഹൃത്താണെന്നും തന്‍റെ വീട്ടിലേക്ക് പുതിയ ടിവി വാങ്ങാനാണ് കാന്‍റീനില്‍ പോയതെന്നും ഷൗക്കത്തലിയുടെ വിശദീകരണം.
സഹോദരനാണ് കാര്‍ഡ് ഉപയോഗിച്ചതെന്ന് സസ്പെന്‍ഷനിലായ എഎസ്ഐയും മൊഴി നല്‍കി. രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ സലിമിന്‍റെ എസ്ഡിപിഐ നേതാക്കളുമായുള്ള ബന്ധം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനാണ് നിര്‍ദേശം.