പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കയറംക്കോട് സ്വദേശി അലന്‍ (24) ആണ് കൊല്ലപ്പെട്ടത്. അമ്മ വിജിക്കൊപ്പം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ഇരുവരും കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി തിരിച്ചുവരികയായിരുന്നു. വനമേഖലയോട് ചേര്‍ന്നുള്ള വഴിയില്‍വച്ചായിരുന്നു ആക്രമണം. തോളെല്ലിനു ഗുരുതരമായി പരുക്കേറ്റ വിജി ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതോടെ ഈ വര്‍ഷം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി
കാട്ടാന ആക്രമണം തുടര്‍ക്കഥയാകുന്നുവെന്ന് എം.പ്രഭാകരന്‍ എംഎല്‍എ പറഞ്ഞു. ശാശ്വത പരിഹാരമാണ് വേണ്ടത്. ഇനിയൊരു ജീവന്‍ നഷ്ടമാകരുത് . വനംമന്ത്രിയെയും മുഖ്യമന്ത്രിയെയും വിഷയം ധരിപ്പിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ പ്രതിഷേധിച്ച് മുണ്ടൂരില്‍ നാളെ ഉച്ചവരെ സി.പി.എം.ഹര്‍ത്താല്‍ ആചരിക്കും. കാട്ടാന സാന്നിധ്യത്തില്‍ വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് ജില്ലാ കമ്മിറ്റി അംഗം ആരോപിച്ചു.