റെയിൽവേയുടെ മുദ്രയുള്ള ബോർഡ് വച്ച വാഹനത്തിലെത്തി, റെയില്‍വേയില്‍ ജോലി വാദ്ഗാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയയാള്‍ പിടിയില്‍.
ടി.ടി.ഇയായി ജോലി വാഗ്ദാനം ചെയ്ത് 18 ലക്ഷം രൂപ തട്ടിയെടുത്ത തിരുവനന്തപുരം കണിയാപുരം സ്വദേശി എ.പി ഇബ്രാഹിംകുട്ടിയെയാണ് (54) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
മകന് ജോലി തരപ്പെടുത്താം എന്നു പറഞ്ഞ് മാന്നാർ സ്വദേശിയായ മോഹനകുമാറിൽ നിന്നാണ് പണം തട്ടിയത്. 2021ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉയർന്ന ഉദ്യോഗസ്ഥൻ എന്ന് തെറ്റിധരിപ്പിച്ച് റെയിൽവേയുടെ മുദ്രയുള്ള ബോർഡ് വച്ച വാഹനത്തിൽ എത്തിയാണ് തട്ടിപ്പ് നടത്തിയത്.
തിരുവല്ലയിലെ ഹോട്ടലിൽ വച്ചാണ് 5 ലക്ഷം രൂപ വാങ്ങിയത്. 90 ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് മോഹനകുമാറിന്റെ വീട്ടിലെത്തി 13 ലക്ഷം രൂപ കൂടി കൈപ്പറ്റി. തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ മോഹനകുമാർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
എ.പി ഇബ്രാഹിംകുട്ടി ജില്ലാ കോടതിയിലും ഹൈക്കോടതിയിലും മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇതിനിടെ അറസ്റ്റിന് സ്റ്റേ വാങ്ങാന്‍ സാധിച്ചിരുന്നു. ഇപ്പോള്‍ സ്റ്റേയുടെ കാലാവധി കഴിഞ്ഞതോടെയാണ് തിരുവനന്തപുരത്തെ ഫ്ലാറ്റിൽ നിന്ന് പ്രതിയെ പിടികൂടിയത്.