പെട്രോള്‍ പമ്പിലെ ഓഫിസ് കുത്തിത്തുറന്നുള്ള കവര്‍ച്ചാരീതി അന്വേഷണസംഘത്തിന് മുന്നില്‍ വിശദീകരിച്ച് മോഷ്ടാവ്. പാലക്കാട് പിരായിരി പമ്പിലെ കവര്‍ച്ചയില്‍ ടൗണ്‍ നോര്‍ത്ത് പൊലീസിന്‍റെ പിടിയിലായ തൃശൂര്‍ സ്വദേശി റിംഷാദിനെയാണ് തെളിവെടുപ്പിന് എത്തിച്ചത്.
പിരായിരി പമ്പിലെ ഓഫിസ് മുറിയുടെ പൂട്ട് തകര്‍ത്താണ് പ്രതി ഉള്ളില്‍ കയറിയത്. ലാപ്ടോപ്പ്, ടാബ്, മേശയിലുണ്ടായിരുന്ന പണം എന്നിവ കവര്‍ന്നു. ഒട്ടും വൈകാതെ സ്ഥലത്ത് നിന്നും മുങ്ങിയെന്നും റിംഷാദ് പൊലീസിനോട് തെളിവെടുപ്പിനിടെ സമ്മതിച്ചു. പെട്രോള്‍ പമ്പില്‍ കയറും മുന്‍പ് ഇവിടേക്കെത്താനുള്ള ഇരുചക്രവാഹനവും കട്ടെടുത്തു. റിംഷാദും സുഹൃത്ത് മണ്ണാര്‍ക്കാട് സ്വദേശി ഷിഫാനും ചേര്‍ന്നാണ് ഭൂരിഭാഗം ഇടത്തും കവര്‍ച്ച നടത്തിയിരുന്നത്. വയനാട്, എറണാകുളം എന്നിവിടങ്ങളില്‍ നിന്നായിരുന്നു ഇരുവരും ഇരുചക്രവാഹനം കവര്‍ന്നത്. ബൈക്ക് കട്ടെടുത്ത ജില്ല ഒഴിവാക്കി മറ്റൊരു ജില്ലയിലെത്തിയാണ് പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തിയത്. പിരായിരിയിലെ പെട്രോള്‍ പമ്പില്‍ നിന്നും കവര്‍ന്ന സാധനങ്ങള്‍ തമിഴ്നാട്ടിലെ ധാരാപുരത്തെ മൊബൈല്‍ കടയില്‍ വില്‍പ്പന നടത്തിയതായി തെളിഞ്ഞു. പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് ഈ സാധനങ്ങള്‍ തൊണ്ടിയായി വീണ്ടെടുക്കുകയും ചെയ്തു. കവര്‍ച്ച കഴിഞ്ഞാല്‍പ്പിന്നെ ഇരുചക്രവാഹനം പൊളിച്ച് ആക്രി വിലയ്ക്ക് വിറ്റ് പണം കണ്ടെത്തുന്നതും ഇവരുടെ രീതിയായിരുന്നു. റിംഷാദും സുഹൃത്ത് ഷിഫാനും ചേര്‍ന്ന് നിരവധി ജില്ലകളില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് ഇന്‍സ്പെക്ടര്‍ വിപിന്‍ കെ.വേണുഗോപാലിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തിയത്.