ജനങ്ങള്‍ എന്നൊരു വിഭാഗമുണ്ട്. ഒരുകൂട്ടര്‍ ഖജനാവ് കൊള്ളയടിക്കുമ്പോള്‍, അച്ഛേ ദിന്‍ വാഗ്ദാനം ചെയ്യുന്ന മറ്റൊരു കൂട്ടര്‍ സ്വര്‍ഗം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച് അവരെ വോട്ട് ചെയ്ത് അധികാരത്തിലെത്തിക്കുന്ന പാവങ്ങള്‍. ജനാധിപത്യത്തിലെ സര്‍വാധികാരികള്‍. ഇന്ധനവില എത്ര ഉയര്‍ന്നാലും പെട്രോളും ഡീസലും അടിക്കാതിരിക്കാന്‍ നിവൃത്തിയില്ലാത്തവര്‍. വിലകുറയ്ക്കേണ്ടത് കേന്ദ്രമോ സംസ്ഥാനമോ എന്ന തര്‍ക്കം തീര്‍ന്നിട്ട് അരിമേടിക്കാന്‍ നിന്നാല്‍ പട്ടിണികിടന്ന് മരിക്കേണ്ടിവരുമെന്ന് ഉറപ്പുള്ളവര്‍. അവരുടെ ജീവിതം പൊറുതിമുട്ടിയാല്‍ കാണാനും കേള്‍ക്കാനും ആരുമില്ലാത്തതു കൂടിയാണ് ഈ ജനാധിപത്യം. ഡീസലിന് വില ലീറ്ററിന് 67 ആയി. പെട്രോളിന് 75 ഉം. രണ്ടും തമ്മില്‍ 8 രൂപയുടെ മാത്രം വ്യത്യാസം. വിലക്കയറ്റം വാപിളര്‍ന്നു നില്‍ക്കുന്ന അവസ്ഥ. ആരാണ് അവരെ രക്ഷിക്കുക? ആരാണ് ജനങ്ങള്‍ക്ക് ഒരു മറുപടി കൊടുക്കുക
നിലപാട്
9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്- രാജ്യം ഭരിക്കുന്ന ബി.ജെ.പിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തുന്നത് കൊടിയ വഞ്ചനയാണ്. ജനങ്ങളെ പിഴിയുന്ന ഇന്ധന നികുതി അടിയന്തരമായി കുറച്ച് വിലക്കയറ്റം തടയേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനാണ്. ഒപ്പം, കേരളത്തിലെ ജനങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കാനുള്ള ബാധ്യത ഇടതുമുന്നണി സര്‍ക്കാരിനുമുണ്ട്. അച്ഛേ ദിന്‍, എല്ലാം ശരിയാകും എന്നൊക്കെയുള്ള തള്ളുകള്‍ വിശ്വസിച്ചുപോയവരോട് കാണിക്കൂ, അല്‍പമെങ്കിലും ദയ.