9mani-12-03-t

മഹാരാഷ്ട്രയിലെ കര്‍ഷകര്‍ നടത്തിയ ഐതിഹാസിക സമരം ലക്ഷ്യം കണ്ടു. പ്രഖ്യാപിച്ച സമരം പൂര്‍ണമാകും മുന്‍പേ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് കര്‍ഷകരുടെ ഏതാണ്ടെല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. ആറുദിവസം മുന്‍പ് നാസിക്കില്‍ നിന്ന് ആരംഭിച്ച മുപ്പതിനായിരം കര്‍ഷകരുടെ ലോങ് മാര്‍ച്ച് ഇന്ന് മുബൈയില്‍ അമ്പതിനായിരം പേരുടെ നിയമസഭാ ഉപരോധമായി മാറാനിരിക്കെയാണ് സര്‍ക്കാര്‍ നിന്ന നില്‍പില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചത്.  നൂറ്റിയറുപത് കിലോമീറ്ററിലധികം കൊടുംചൂടില്‍ പാദങ്ങള്‍ വെന്തുരുകി പട്ടിണിക്കാരായ കര്‍ഷകര്‍ നടത്തിയ ജീവിതസമരം ഭരണകൂടങ്ങളെ ഞെട്ടിച്ചു. ഒരുകാര്യം ഉറക്കെപ്പറഞ്ഞേ മതിയാകൂ. ത്രിപുരയില്‍ തോറ്റ, ബംഗാളില്‍ ഇല്ലാതായ, കേരളത്തില്‍ മാത്രം അധികാരം കയ്യാളുന്ന, ഇന്ത്യയില്‍ മറ്റെവിടെയും പത്താള്‍ കൂടെയില്ലാത്ത പാര്‍ട്ടിയെന്ന് എതിരാളികള്‍ ആക്ഷേപിക്കുന്ന സി.പി.എം എന്ന പാര്‍ട്ടിയുടെ പോഷകസംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭയാണ് ഈ മാര്‍ച്ച് നയിച്ചത്. സി.പി.എമ്മിന് റെഡ സല്യൂട്ട്! പക്ഷേ ഒരുചോദ്യമുണ്ട്. ഈ പ്രസ്ഥാനം മുംബൈയില്‍ അവസാനിക്കുമോ?

 

9 മണി ചര്‍ച്ച ഈ വിഷയത്തില്‍ മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ് – ഇന്ത്യയില്‍ അടിസ്ഥാനവര്‍ഗത്തിന്റെ സമരം നയിക്കാനും അതൊരു പ്രസ്ഥാനമായി വളര്‍ത്താനും കഴിയുന്ന ഏകപാര്‍ട്ടി സി.പി.എമ്മാണ്. പക്ഷേ അത് അറിയാതിരിക്കുകയോ അറിഞ്ഞിട്ടും പ്രവര്‍ത്തിക്കാതിരിക്കുകയോ ചെയ്യുന്ന ഏകപാര്‍ട്ടിയും സി.പി.എം തന്നെ.