മഹാരാഷ്ട്രയില്‍ ഐതിഹാസിക കര്‍ഷകസമരം നയിച്ച സംഘടനയുടെ നേതൃത്വം സി.പി.എം എന്ന പാര്‍ട്ടിക്കായിരുന്നു. അതേ പാര്‍ട്ടിയുെട സഖാക്കള്‍ ഇന്ന് കണ്ണൂര്‍ കീഴാറ്റൂരില്‍ കര്‍ഷകരുടെ സമരപ്പന്തല്‍ കത്തിച്ചു. ബൈപാസ് നിര്‍മാണത്തിന് തങ്ങള്‍ക്ക് വെള്ളവും ചോറും തരുന്ന വയല്‍ വിട്ടുതരില്ലെന്ന് പറഞ്ഞ് സമരമിരുന്ന കര്‍ഷകരുടെ സമരപ്പന്തല്‍. നാസിക്കിലെ കര്‍ഷകരെവിടെ, കീഴാറ്റൂരിലെ കര്‍ഷകരെവിടെ ? അതല്ലേ ചോദ്യം? നാസിക്കിലെ കര്‍ഷകരും കീഴാറ്റൂരിലെ കര്‍ഷകരും പിടിച്ചത് ഒരേ ചെങ്കൊടി എന്നാണ് മറുപടി. ഇനി തിരിച്ച് ചോദിക്കാമല്ലോ. മഹാരാഷ്ട്രയിലെ പാര്‍ട്ടി എവിടെ, കേരളത്തിലെ പാര്‍ട്ടി എവിടെ ? മഹാരാഷ്ട്രയില്‍ കര്‍ഷകരുടെ ചോരയും നീരും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടി. ഇവിടെ ഭരണത്തിന്റെ ഭാഗമായി നിന്ന് വികസനപ്പെരുമയ്ക്കായി കര്‍ഷകരുടെ വയല്‍ നികത്താന്‍ മടിക്കാത്ത പാര്‍ട്ടി. രണ്ടിടത്തും ഈ പാര്‍ട്ടിക്ക് ഒരേ ചെങ്കൊടി.
ഈ വിഷയത്തില്‍ 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– കര്‍ഷകര്‍ക്ക് ജീവിതം നേടിക്കൊടുക്കാന്‍ സമരം ചെയ്യുന്ന സി.പി.എം, പ്രക്ഷോഭം നയിക്കുന്ന സി.പി.എം ആണ്. ചെങ്കൊടിയേന്തി വയല്‍ വിട്ടുതരില്ലെന്ന് പ്രഖ്യാപിച്ച് സമരം ചെയ്യുന്ന കര്‍ഷകരുടെ സമരപ്പന്തല്‍ കത്തിക്കുന്ന സി.പി.എം, ഭരിക്കുന്ന സി.പി.എം ആണ്. ഭരണവും സമരവും ഒന്നിച്ചുപോകില്ല.