1980–ല്‍ പതിനെട്ടു കവിതകള്‍ക്ക് ആമുഖമായി ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതി. ''അറിഞ്ഞതില്‍ പാതി പറയാതെപോയി, പറഞ്ഞതില്‍ പാതി പതിരായും പോയി, പകുതി ഹൃത്തിനാല്‍ പൊറുക്കുമ്പോള്‍ നിങ്ങള്‍ പകുതി ഹൃത്തിനാല്‍ വെറുത്തുകൊള്ളുക, ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തു കൊള്ളുക ''. എടുത്തുകൊള്ളാന്‍ പറഞ്ഞ രക്തവും മാംസവും ക്യാംപസുകളില്‍ കളങ്കപ്പെട്ടു കിടന്നാല്‍ തിരിച്ചെടുക്കാം കവിക്ക്. അധ്യാപകര്‍ അക്ഷരം തെറ്റി പഠിപ്പിക്കുന്ന, കുട്ടികള്‍ അര്‍ഥം തെറ്റി പഠിക്കുന്ന പാഠശാലകളില്‍ നിന്ന് തന്റെ കവിതയ്ക്ക് ഒഴിവുവേണമെന്ന ചുള്ളിക്കാടിന്റെ അഭ്യര്‍ഥന വലിയ ചര്‍ച്ചാവിഷയമായി. സാഹിത്യാസ്വാദനത്തിന്റെ പൊതുപ്രശ്നമല്ല, ഭാഷാപഠന നിലവാരത്തിന്റെ സവിശേഷപ്രശ്നമാണ് ബാലചന്ദ്രന്‍ ഉന്നയിക്കുന്നത്. ഭാഷയെ ഇതിഹാസങ്ങള്‍ തൊട്ട് ചൊല്ലിയറിഞ്ഞ, മഹാമനീഷികളുടെ പാതയിലൂടെ സഞ്ചരിച്ചറിഞ്ഞ, കാവ്യസപര്യയിലൂെട ഭാഷയുടെ സാഗരദൂരങ്ങള്‍ താണ്ടിയ ബാലചന്ദ്രനു സാധിക്കുന്ന ധീരപ്രവൃത്തി. കവി ഉയര്‍ത്തുന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ കെല്‍പുണ്ടോ നമ്മുടെ ഭാഷാപണ്ഡിതര്‍ക്ക്?
9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന കവി മലയാളം എന്ന ഭാഷയുടെ പ്രഖ്യാപിത ഗുരുക്കന്‍മാരോടും പഠിതാക്കളോടും നടത്തുന്ന അപേക്ഷ, കേള്‍ക്കാന്‍ കാതുള്ളവര്‍ കേള്‍ക്കണം. പാഠ്യശീലങ്ങളെ തിരുത്താന്‍ മനസ്സുള്ളവര്‍ തിരുത്തണം. ഇല്ലെങ്കില്‍ മലയാളഭാഷയ്ക്ക് നിങ്ങളറിയാതെ നിങ്ങള്‍ വിധിക്കുന്ന വധശിക്ഷ നാളെ നിങ്ങളുടെ വരുംതലമുറ നടപ്പാക്കും.