കൊച്ചിയില്‍ ഒരു ലസ്സി ഉല്‍പാദന കേന്ദ്രത്തില്‍ നിന്ന് പിടിച്ച ഭക്ഷ്യവസ്തുക്കള്‍ നേരെ കൊണ്ടുപോയത് ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലേക്കാണ്. നഗരവാസികള്‍ രുചിയോടെ ആസ്വദിച്ച് കഴിക്കുന്ന പാനീയവസ്തുക്കളാണ് നേരേ മാലിന്യ പ്ലാന്റിലേക്ക് അയച്ചത്. പുഴുക്കളരിക്കുന്ന, പട്ടിക്കാഷ്ഠം വരെ ചിതറിക്കിടക്കുന്ന തറയില്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയ ഭക്ഷ്യവസ്തുക്കള്‍ പിന്നെ മറ്റെന്താണ് ചെയ്യേണ്ടത്? കേന്ദ്രം അടച്ചുപൂട്ടി, പക്ഷേ ആര്‍ക്കെതിരേയും കേസ് എടുത്തിട്ടില്ല. കാരണം ആരാണ് കേന്ദ്രം നടത്തുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന് അറിയില്ല. ഇനി ആളെ കണ്ടെത്തിയാലും കേസ് എടുത്താലും എന്ത് കാര്യം? ലൈസന്‍സ് റദ്ദാക്കലും പിഴയടയ്ക്കലും അല്ലാതെ മനുഷ്യനെ കൊല്ലാന്‍ ശ്രമിച്ചതിനുള്ള ശിക്ഷയൊന്നും പ്രതീക്ഷിക്കണ്ട. പൊലസ് കേസെടുക്കണമെങ്കില്‍ ആരെങ്കിലും രക്തസാക്ഷിയാകണം. ഇല്ലെങ്കില്‍ അയാള്‍ വരും വീണ്ടും. മറ്റൊരു ലൈസന്‍സുമായി. നമ്മെ വീണ്ടും മലിനദ്രാവകം കുടിപ്പിക്കാന്‍. ഈ മാലിന്യക്കച്ചവടക്കാരെ ഇങ്ങനെ വിട്ടാല്‍ മതിയോ?
9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്തുന്നവര്‍ക്കെതിരേ പൊലീസ് കേസെടുത്ത് ക്രിമിനല്‍ നിയമം അനുസരിച്ച് വിചാരണ ചെയ്യണം. കുറ്റംതെളിഞ്ഞാല്‍ കടുത്ത ശിക്ഷ നല്‍കണം. അതിന് ആരെങ്കിലും മരിക്കുംവരെ കാത്തിരിക്കരുത്.