9mani-29-03-t

മതരഹിത വിദ്യാര്‍ഥികളുടെ കണക്ക് പറഞ്ഞ വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥ് കുടുങ്ങി. ലിസ്റ്റില്‍ പെട്ട സ്കൂളുകളില്‍ ചെന്ന് അന്വേഷിച്ചപ്പോള്‍ പലയിടത്തേയും കണക്ക് െതറ്റാണെന്ന് തെളിഞ്ഞു. മലപ്പുറം, കാസര്‍കോട് ജില്ലകളിലെ മുസ്ലിം സ്കൂളുകളിലെ അധികാരികള്‍ സര്‍ക്കാര്‍ പറഞ്ഞ വിവരം തെറ്റാണെന്ന് സാക്ഷ്യപ്പെടുത്താന്‍ മുന്നോട്ടുവന്നു. മറ്റു സ്കൂളുകളിലെ കണക്കുകൂടി പരിശോധിച്ചാലറിയാം സാമൂഹ്യ– കണക്കുപരീക്ഷയില്‍ വിദ്യാഭ്യാസമന്ത്രിയുടെ തോല്‍വിയുടെ കാരണം. കണക്ക് തെറ്റിയത് നില്‍ക്കട്ടെ. മതം ഉപേക്ഷിക്കുന്നതില്‍ മുസ്ലിം, ക്രിസ്ത്യന്‍ മതങ്ങളില്‍ െപട്ടവരുടെ മക്കള്‍ ഭൂരിപക്ഷമായി വരുന്ന സ്കൂളുകള്‍ ഉണ്ടെങ്കില്‍ തന്നെ ആലോചിക്കാവുന്നതല്ലേ അതിലെന്തോ പിശകുണ്ടെന്ന്. ഈ രണ്ടു സമുദായങ്ങളിലേയും ചെറിയൊരു ന്യൂനപക്ഷമല്ലാതെ മതജീവിതം ഉപേക്ഷിച്ച് പുറത്തുവരുന്നില്ല എന്നത് സാമൂഹിക യാഥാര്‍ഥ്യമല്ലേ? സെമെറ്റിക് മതങ്ങളുെട സമ്പൂര്‍ണമതാത്മകതയുടെ സ്വഭാവമാണത്. മറിച്ച് ഹിന്ദു ഭൂരിപക്ഷ കുടുംബങ്ങളിലെ, പ്രത്യേകിച്ച് ഉയര്‍ന്ന ജാതിയില്‍ പെട്ട ഹിന്ദു കുടുംബങ്ങളിലെ മാതാപിതാക്കളാണ് ഈ തീരുമാനം എടുത്തിരുന്നതെങ്കില്‍ അത് വലിയ മാറ്റത്തിനുള്ള തുടക്കമായേനേ. കാരണം മതം ഉപേക്ഷിക്കാന്‍ സ്വാഭാവികമായി കഴിയുക ഹിന്ദുക്കള്‍ക്കാണ്. മതമല്ല, ജാതിയാണ് അവിടെ അടിസ്ഥാന അടയാളം. ഇല്ലാത്ത മതം രേഖപ്പെടുത്താതെയും ജാതിവ്യവസ്ഥയുടെ ചരിത്രപരമായ തെറ്റുകള്‍ തിരുത്തിക്കൊണ്ടും പരിഷ്കരണം കൊണ്ടുവരാന്‍  കഴിയേണ്ടത് സവര്‍ണ ഹിന്ദുവിനാണ്. ആരുവളര്‍ത്തും അങ്ങനെയൊരു പുതുഹൈന്ദവ നവീകരണപ്രസ്ഥാനം?

 

ഈ വിഷയത്തില്‍ 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– മതത്തേക്കാള്‍ ജാതിയാണ് ഹിന്ദു സമൂഹത്തിന്റെ യാഥാര്‍ഥ്യം. മറിച്ച് മതം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത് ഹിന്ദുത്വ ശക്തികളാണ്. ആ മതത്തെ രേഖാമൂലം നിരാകരിക്കാന്‍ സവര്‍ണ ഹിന്ദുവന് കഴിഞ്ഞാല്‍ അതൊരു രാഷ്ട്രീയ പ്രവര്‍ത്തനമാകും. തര്‍ക്കമില്ല.