പിരിഞ്ഞുപോകുന്ന പ്രിന്‍സിപ്പലിന് വിദ്യാര്‍ഥികളില്‍ ഒരു വിഭാഗത്തിന്റെ ഗുരുദക്ഷിണ. ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍. അതിലെ എഴുത്ത് ഇങ്ങനെ. വിദ്യാര്‍ഥി മനസില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍. ദുരന്തം ഒഴിയുന്നു. ക്യാംപസ് സ്വതന്ത്രമാകുന്നു. ഹാഷ്ടാഗ് നെഹ്റുവിന് ശാപമോക്ഷം. ഒപ്പം ഒരു പടക്കം പൊട്ടിക്കലും. എസ്എഫ്ഐയ്ക്കുനേരെയാണ് ആരോപണമുന. അവരത് നിഷേധിക്കുന്നു. ഒരു ചോദ്യം. വിദ്യാര്‍ഥി സമൂഹത്തെത്തന്നെ അപമാനിച്ചവര്‍ ആരുമാകട്ടെ. ഏത് വഴിയില്‍ എന്താണവര്‍ പഠിക്കുന്നത്?
ഈ വിഷയത്തില്‍ 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– മഹാരാജാസിലെ കസേര കത്തിക്കലിനും വിക്ടോറിയയിലെ ശവകുടീരം ഒരുക്കലിനുമുള്ള അപായകരമായ തുടര്‍ച്ചയാണിത്. ചെയ്തത് ആരുമാകട്ടെ. ഈ ഗുരുനിന്ദയ്ക്ക് മാപ്പില്ല. അവര്‍ വിദ്യാര്‍ഥികളുമല്ല. ക്യാംപസുകളില്‍ ഇത്തരക്കാര്‍ക്ക് തുടര്‍ച്ചകളുണ്ടാകുന്നത് വിദ്യാര്‍ഥി സംഘടനകളുടെ നൂറുശതമാനം കഴിവുകേടുകൊണ്ടാണ്.