എല്ലാവര്‍ക്കും കല്യാണത്തിന് നല്ല സൂപ്പര്‍ വിഡിയോ വേണം. അത് സിനിമയോളം ചെല്ലുന്ന സാങ്കേതികത്തികവോടെ വേണം. അതിനായി ഒരുക്കം, ചമയം, അഭിനയം. വീടിന്റെ അകത്തളം മുതല്‍ കടല്‍ത്തീരം വരെ നീണ്ട ഷൂട്ടിങ്. എല്ലാം സന്തോഷത്തിന്. പക്ഷേ ഇതെല്ലാം ശാപമായിത്തീരുന്ന നിമിഷവും വരാമെന്ന് വടകരയില്‍ നിന്നുള്ള വാര്‍ത്ത സ്ഥിരീകരിക്കുന്നു. രണ്ടു പതിറ്റാണ്ടോളമായി വിവാഹങ്ങള്‍ ചിത്രീകരിച്ച് കൊടുക്കുന്ന സ്റ്റുഡിയോയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ നഗ്നദൃശ്യങ്ങളായി മോര്‍ഫ് ചെയ്ത് പ്രചരിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തതിന്റെ വാര്‍ത്ത. ഒന്നിനു പുറകേ ഒന്നായി 23 പരാതികള്‍ പൊലീസിലെത്തി. 47,000 ഫോട്ടോകള്‍ മുഖ്യപ്രതിയുടെ സ്വകാര്യശേഖരത്തിലെത്തി. അത്രയ്ക്ക് വ്യാപകമായ ചൂഷണം. സ്റ്റുഡിയോ ഉടമകളായ രണ്ടുപേര്‍ പിടിയിലായി. മുഖ്യപ്രതി ഫോട്ടോ എഡിറ്റര്‍ ഒളിവിലും. ഒളിച്ചുകളിക്കുന്നത് പൊലീസ് ആണെന്ന് ആക്ഷേപിച്ച് ജനകീയ സമിതി സമരം ശക്തമാക്കി. ചോദ്യം ഇതാണ്. വിവാഹ വിഡിയോയിലെ ചതി ആരെയൊക്കെ പ്രതിക്കൂട്ടിലാക്കുന്നു?
ഈ വിഷയത്തില്‍ 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– വടകര സംഭവം ഒറ്റപ്പെട്ടതാണെന്ന് സമാധാനിക്കാന്‍ വരട്ടെ. വിവാഹം ആഡംബരപൂര്‍ണമാകുമ്പോള്‍ സ്വകാര്യത വില്‍പനച്ചരക്കായി മാറാതിരിക്കാന്‍ ജാഗ്രത കാണിക്കുന്നതാണ് നല്ലത്. പൊലീസ് പോലും ഗൗരവത്തിലെടുക്കാന്‍ മടിക്കുന്ന ഇത്തരം ചതിക്കേസുകളില്‍ പെടാതിരിക്കാനുള്ള ജാഗ്രത.