9mani-13-04-t

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ഡ്യൂട്ടി സമയ ക്രമീകരണത്തില്‍ പ്രതിഷേധിച്ചാണ് സമരം. പാലക്കാട് കുമരംപുത്തൂര്‍ ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തത് ഉടനുള്ള പ്രകോപനം. സസ്പെന്‍ഷന്‍ ഇന്നലെ വൈകീട്ട് 7 മണിക്ക്. അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപനം രാത്രി എട്ടരയ്ക്ക്. സമരം തുടങ്ങിയത് ഇന്ന് പുലര്‍ച്ചെ മുതല്‍. എല്ലാം പെട്ടെന്നായിരുന്നു. അതായത് ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത് ഹൈക്കോടതിയും സുപ്രിംകോടതിയും വാക്കാല്‍ വിലക്കിയിട്ടുള്ള നാട്ടില്‍ അങ്ങേയറ്റത്തെ സമരമുറയായ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുന്നതും തുടങ്ങുന്നതും തമ്മില്‍ ഒരു രാത്രിയുടെ പോലും അകലമില്ലാതെ. ഈ സമരത്തെ രോഗികളോടുള്ള കൊടിയ വഞ്ചന എന്നല്ലാതെ മറ്റെന്താണ് വിളിക്കുക?

 

9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന നിലപാട് ഇതാണ്– അമിത ജോലിഭാരമെന്ന നുണപറഞ്ഞ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം സാധുക്കളായ രോഗികളോടുള്ള അക്രമമാണ്. സ്വകാര്യപ്രാക്ടീസിന്റെ സമയം നഷ്ടപ്പെടുന്നതിലുള്ള നിരാശയാണ് ഈ ദഹനക്കേടിന്റെ കാരണമെങ്കില്‍ മതിയായ ചികില്‍സ സര്‍ക്കാര്‍ തന്നെ നല്‍കട്ടെ.